കോട്ടയം : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്സുമാര്‍ക്കായി നടത്തിയ അഭിമുഖം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്.അഭിമുഖത്തിനെത്തിയ ആയിരത്തിലേറെപ്പേര്‍ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയുടെ മതില്‍ക്കെട്ടിന് അകത്തും പുറത്തുമായി സാമൂഹ്യ അകലംപോലും പാലിക്കാതെ വരിനില്‍ക്കുകയായിരുന്നു.മാസ്‌ക്ക് അടക്കം ധരിക്കാതെയാണ് പലരും അഭിമുഖം നടക്കുന്നിടത്തെത്തിയത്.
ക്യൂ റോഡിലേക്ക് നീണ്ടതോടെ ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയിലായി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ സംഭവത്തില്‍ ഇടപെടാതെ ഗതാഗതം നിയന്ത്രിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയത്. ആശുപത്രിയില്‍ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. നേരത്തെ നിശ്ചയിച്ച അഭിമുഖമായിരുന്നു. ഇത്രയധികം പേര്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

