ബംഗലുരു: ലോക്ക്ഡൗണ് നിര്ദേശങ്ങള് ലംഘിച്ച് മുന് കര്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം. മുന് പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ നിഖില് കുമാരസ്വാമി മുന് മന്ത്രി എം. കൃഷ്ണപ്പയുടെ ചെറുമകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
രാജ്യം ലോക്ക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് ബംഗലൂരുവിലെ രാമനഗരയിലെ ഒരു ഫാംഹൗസില് വച്ചാണ് വിവാഹ ചടങ്ങുകള് സംഘടിപ്പിച്ചത്. 30-40 കാറുകളിലായി നൂറിലേറെ പേരാണ് വിവാഹ വേദിയില് തടിച്ചുകൂടിയത്.
അഞ്ചില് കൂടുതല് പേര് ഒരുമിച്ച് കൂടരുതെന്നും ആളുകള് തമ്മില് സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്ദേശങ്ങള് കാറ്റില് പറത്തിയാണ് വിവാഹ ചടങ്ങുകള് നടത്തിയത്.
നിഖില് കുമാരസ്വാമി 2019 മെയില് ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിച്ചിരുന്നു. മാണ്ഡ്യ സീറ്റില് നിന്നാണ് മത്സരിച്ചത്. ചില സിനിമകളിലും നിഖില് വേഷമിട്ടിട്ടുണ്ട്.

