തിരുവനന്തപുരം: ചാല കമ്പോളം നാളെ മുതല് തുറന്നു പ്രവര്ത്തിക്കുവാന് ധാരണയായി. സിറ്റി പോലീസ് കമ്മീഷണര് ബലറാംകുമാര് ഉപാദ്ധായ വിളിച്ചു ചേര്ത്ത വ്യാപാര സംഘടനകളുടെ നേതാക്കളുമായി നടത്തിയ ചര്ച്ചയിലാണ് ധാരണയായത്. 3 വഴികളിലൂടെ അകത്തേക്കും രണ്ടു വഴികളിലൂടെ പുറത്തേക്കും കടക്കാം.
കിള്ളിപാലം ജംഗ്ഷന്, പവര് ഹൗസ് റോഡില് നിന്നും സഭാവതി കോവില് തെരുവ് (മൊത്ത ധാന്യ വ്യാപാര കേന്ദ്രം), കിള്ളിപാലം – അട്ടക്കുളങ്ങര ബൈപ്പാസ് റോഡില് നിന്നും കൊത്തുവാള് തെരുവ് എന്നീ മൂന്നു റോഡിലൂടെ ചാല കമ്പോളത്തിലേക്ക് പ്രവേശിക്കാം.
കൊത്തുവാള് തെരുവിലൂടെയും, ചാല മെയിന് റോഡ് വഴി ഗാന്ധിപാര്ക്ക് ഭാഗത്തുകൂടെയും പുറത്തു കടക്കുവാന് സാധിക്കും. കടകളില് നിന്നും വാങ്ങിയ സാധനങ്ങള് കൈയില് കൊണ്ട് പോകുവാന് കഴിയാത്തവ കൊണ്ടു പോകുന്നതിന് വാഹനങ്ങള് കടത്തി വിടും.
ഇതിനായി വാങ്ങിയ സാധനങ്ങളുടെ ബില്, മറ്റു പര്ച്ചേസ് രേഖകള് പ്രവേശന കവാടത്തില് കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. താല്ക്കാലികമായി ഈ നിയന്ത്രണങ്ങള് ഏര്പ്പെടുത്തുവാനും ആദ്യ ദിവസങ്ങളിലെ സാഹചര്യങ്ങളും പൊതുപ്രതികരണവും വിലയിരുത്തിയ ശേഷം സന്ദര്ഭോചിതമായി തുടര് നടപടികള് കൈക്കൊള്ളുവാനും യോഗം തീരുമാനിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്യശാല സുരേഷ്, കേരള സംസ്ഥാന വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് വി. പാപ്പച്ചന്, ചാല വാര്ഡ് കൗണ്സിലര് എസ്. കെ. പി. രമേശ് തുടങ്ങിയവര് ചര്ച്ചയില് പങ്കെടുത്തു
പൊലീസിന്റെയും ആരോഗ്യപ്രവര്ത്തകരുടേയും നിര്ശങ്ങള് വ്യാപാരികളും പൊതുജനങ്ങളും നിര്ബന്ധമായും പാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണന് അറിയിച്ചു.

