Tuesday, May 21, 2024
spot_img

നിങ്ങൾ തനിച്ചല്ല, ഒപ്പമുണ്ട് ബഹ്റൈൻ സംസ്കൃതി

ബഹ്‌റൈൻ: ബഹ്‌റൈനിലെ കോവിഡ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സാംസ്കാരിക സംഘടനയായ സംസ്കൃതി നടത്തുന്ന പ്രതിരോധ, സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. സ്വദേശി- വിദേശി ഭേദമില്ലാതെ സകലർക്കും സഹായമെത്തിച്ചുകൊണ്ടാണ് ഇവിടെ സംസ്‌കൃതിയുടെ പ്രവർത്തനം. മൂന്ന് മാസക്കാലമായി ജോലിക്ക് പോകാനാകാതെ താമസസ്ഥലത്ത് തന്നെ കഴിയുന്ന പ്രവാസികൾക്കും, ക്വാറന്‍റൈനില്‍ കഴിയുന്നവർക്കും ഭക്ഷണ സാമഗ്രികളും, വെളളവും, ജീവൻ രക്ഷാ മരുന്നുകളുമുൾപ്പെടെയുള്ളവ സംസ്‌കൃതി പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിച്ചുനല്കുന്നു.

ബഹ്റൈനിലെ സംസ്‌കൃതിയുടെ കോൾ സെന്‍ററിലേക്ക് സഹായമഭ്യർത്ഥിച്ചുകൊണ്ട് നിരവധി കോളുകളാണ് ദിവസവും എത്തുന്നത്. സേവാ പ്രവർത്തകർ കോളുകൾ സ്വീകരിക്കുകയും അതേ ദിവസം തന്നെ വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു. ലുലു ഗ്രൂപ്പ്, മെഗാ മാർട്ട്, മംഗള ഗ്രൂപ്പ്, സുബൈർ ട്രേഡിംഗ്, ദസ്തി ഫുഡ്, ഓറഞ്ച് ബേക്കറി, എന്നീ കമ്പനികളും, ആർട്ട് ഓഫ് ലിവിങ്ങ് മുതലായ സംഘടനകളും ഈ സേവാ യജ്ഞത്തിൽ സംസ്കൃതിയെ സഹായിക്കുന്നുണ്ട്.

ഇതോടൊപ്പം കോവിഡ് കാലത്ത് മാനസീക സംഘർഷങ്ങളെ അതിജീവിക്കാനുതകുന്ന ഓൺലൈൻ ചർച്ചകളും സംസ്‌കൃതി സംഘടിപ്പിക്കുന്നു. മാനസീക സംഘർഷങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് ബഹ്‌റൈനിലെ അറിയപ്പെടുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ അനീഷ മേരി അബ്രഹാമുമായി പ്രമുഖ മാധ്യമ പ്രവർത്തക രാജി ഉണ്ണി കൃഷ്ണൻ നടത്തിയ ഫേസ്ബുക് ലൈവ് ചർച്ചയ്ക്ക് വലിയ പിന്തുണയാണ് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനിൽ നിന്ന് ലഭിച്ചത്.

കൊറോണക്കാലത്ത് രക്ഷിതാക്കളും, കുട്ടികളും, കൗമാരക്കാരും നേരിടുന്ന മാനസീക സംഘർഷങ്ങൾ ചർച്ചയിൽ വിശദമായി പ്രതിപാദിച്ചിരുന്നു. പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്കും ഡോക്ടർ അനീഷ വ്യക്തമായ മറുപടി നൽകി . ചർച്ചയുടെ പൂർണ്ണ രൂപം സംസ്കൃതി ബഹ്‌റൈനിലെ ഒഫീഷ്യൽ പേജായ www.facebook.com/Samskruthibh ലഭ്യമാണ്.

Related Articles

Latest Articles