Sunday, May 19, 2024
spot_img

ജോസഫ് മാര്‍ത്തോമ്മായുടെ ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചത് : പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിലെ യുവാക്കള്‍ ശാസ്ത്ര, സാങ്കേതികരംഗങ്ങളില്‍ ശ്രദ്ധിക്കുന്നു.ഇത് ഇവര്‍ക്ക് ഭാവിയില്‍ നേട്ടമാവും. മെത്രാപ്പൊലീത്ത ജോസഫ് മാര്‍ത്തോമ്മായുടെ നവതി ആഘോഷം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോസഫ് മാര്‍ത്തോമ്മായുടെ ജീവിതം രജ്യത്തിന് സമര്‍പ്പിച്ചതാണ്. മാര്‍ത്തോമ്മാ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ദേശീയതയുടെ മൂല്യങ്ങളില്‍ അടിയുറച്ചാണ് സഭയുടെ പ്രവര്‍ത്തനം. രാജ്യത്തിന്റെ പുരോഗതിക്കായി ഒത്തുചേരാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി മെത്രൊപ്പൊലീത്ത വഹിച്ച പങ്ക് വലുതാണ്. ഇന്ത്യന്‍ മൂല്യങ്ങളില്‍ അടിസ്ഥാനമായാണ് മാര്‍തോമ സഭ നില്‍ക്കുന്നതെന്നത് അഭിമാനകരമായ കാര്യം. സഭ ദേശീയ ഐക്യത്തിന് നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പ്രകീര്‍ത്തിച്ചു.

കൊവിഡ് 19 നെതിരെ ഇന്ത്യ ശക്തമായി പോരാട്ടമാണ് നടത്തുന്നത്. രോഗബാധയുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ഇത് വളരെയധികം നാശം വിതയ്ക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അതിനെ തടഞ്ഞു. ലോക്ക്ഡൗണും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും രോഗവ്യാപനം കുറയാന്‍ കാരണമായി. യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയിലെ മരണനിരക്ക്. രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവര്‍ രോഗമുക്തരാവുന്ന തോത് ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മറുപടി പ്രസംഗത്തിനിടെ മര്‍ത്തോമ സഭാധ്യക്ഷന്‍ ആശംസകളറിയിച്ചവരോട് നന്ദി പറഞ്ഞു. ഒപ്പമുള്ളവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്‍പ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടില്‍ 1931 ജൂണ്‍ 27 നായിരുന്നു ജനനം. മാര്‍ ഫിലിപ്പോസ് ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് സഭ അധ്യക്ഷ പദത്തിലെത്തിയത്.

വിശ്വാസത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുത്ത തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു.

Related Articles

Latest Articles