Friday, May 10, 2024
spot_img

ദേശിയവിദ്യാഭ്യാസ നയം:മോദി സർക്കാരിനെ പ്രകീർത്തിച്ച് പ്രതിപക്ഷ നേതാക്കളും

ദില്ലി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ദേശീയ വിദ്യാഭ്യാസ നയത്തിനു പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും . ദേശീയതലത്തിൽ നയത്തിനെതിരെ സിപിഎമ്മും കോൺഗ്രസ്സും എതിർപ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില പ്രതിപക്ഷ നേതാക്കൾ കേന്ദ്രസർക്കാരിന് പിന്തുണയുമായി രംഗത്ത് വന്നു . ഇതായിപ്പോൾ സംസ്ഥാനത്ത് കേരളാ കോൺഗ്രസ് നേതാവ് പി.ജെ ജോസഫും കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. 25വര്‍ഷം മുന്‍പ് താന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു..

വിദ്യാഭ്യമന്ത്രി ആയിരിക്കെ താന്‍ മുന്നോട്ട് വെച്ച ആശയത്തിന്റെ ആവിഷ്‌കാരമാണ് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയമെന്ന് അദേഹം പറഞ്ഞു. പുതിയ പൊളിച്ചെഴുത്തില്‍ മാതൃഭാഷ നിര്‍ബന്ധമാക്കിയത് സ്വാഗതാര്‍ഹമാണെന്നും പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു . കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നയത്തെ രൂക്ഷമായി എതിര്‍ക്കുന്നതിനിടെയാണ് പിജെ ജോസഫ് പുതിയ വിദ്യാഭ്യാസ നയത്തെ പരസ്യമായി പിന്തുണ അറിയിച്ചിരിക്കുന്നത്.

നേരത്തെ, നയത്തെ പിന്തുണച്ച് കോൺഗ്രസ് വക്താവ് ഖുഷ്‌ബുവും രംഗത്തെത്തിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്‍റെ കാര്യത്തിൽ പാർട്ടിയിൽ നിന്ന് വ്യത്യസ്തമാണ് തന്റെ നിലപാടെന്ന് ഖുഷ്ബു പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ നേതാവിനോട് യോജിക്കാൻ കഴിഞ്ഞേക്കില്ലെന്നും എന്നാൽ രാജ്യത്തെ പൌരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണെന്നും ഖുഷ്ബു വ്യക്തമാക്കിയിരുന്നു .

ഖുഷ്ബുവിനെ കൂടാതെ , നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എംപിയും മുന്‍ മാനവവിഭവശേഷി സഹമന്ത്രിയുമായ ശശി തരൂരും രംഗത്തെത്തി . മാനവ വിഭവ ശേഷി മന്ത്രിയായിരിക്കെ ദേശീയ വിദ്യാഭ്യാസ നയം പുനപ്പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തരൂര്‍ അറിയിച്ചു . ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ആറ് വര്‍ഷമെടുത്തെങ്കിലും അവരത് ചെയ്തു എന്നതില്‍ സന്തോഷമുണ്ടെന്നും എന്നാൽ ആഗ്രഹത്തിനൊത്ത് ഇനി ഇതെല്ലാം നടപ്പിലാക്കുകയെന്നതാണ് വെല്ലുവിളിയെന്നും തരൂര്‍ പറഞ്ഞു. .

ഉന്നത വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം പ്രവേശന അനുപാതമെന്ന ലക്ഷ്യവും പത്താംക്ലാസ് തലത്തില്‍ 100 ശതമാനം പ്രവേശന അനുപാതമെന്നതും പ്രശംസനീയമാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലത് 25 ശതമാനം എന്നും ഒമ്പതാം ക്ലാസ്സില്‍ 68 ശതമാനം എന്നുമാവുമ്പോള്‍ അത് യാഥാര്‍ഥ്യബോധത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണോ എന്ന ആശങ്കയും തരൂര്‍ പങ്കുവെച്ചു.

അതേസമയം ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്നും ലോകത്തെ മികച്ചവയുമായി മത്സരിക്കാൻ രാജ്യത്തെ യുവാക്കളെ സന്നദ്ധരാക്കുമെന്നും തെലുങ്കുദേശം പാർട്ടി പ്രസിഡന്റും ആന്ധ്ര മുൻ മുഖ്യമന്ത്രിയുമായ നര ചന്ദ്രബാബു നായിഡു പറഞ്ഞു.

“നരേന്ദ്രമോദി ജി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 അംഗീകരിച്ചതിനെ താൻ സ്വാഗതം ചെയ്യുന്നു. ഈ പരിഷ്‌കരണം വിദ്യാഭ്യാസ മേഖലയെ ഉയർത്തുകയും ലോകമെമ്പാടുമുള്ള മികച്ചവയുമായി മത്സരിക്കാൻ രാജ്യത്തെ യുവാക്കൾക്ക് വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

അഞ്ചാം ക്ലാസ് വരെ മാതൃഭാഷ / പ്രാദേശിക ഭാഷ / പ്രാദേശിക ഭാഷയെ പ്രബോധന മാധ്യമമായി നയത്തിൽ
ഉൾക്കൊള്ളിച്ചിരിക്കുന്നു , ഇത് തീർച്ചയായും സ്വാഗതാർഹമാണ്. മികച്ച അക്കാദമിക് പ്രകടനത്തിലേക്ക് നയിക്കുവാൻ വിമർശനാത്മക ചിന്തയും സാക്ഷരതാ കഴിവുകളും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ് . അതുകൊണ്ട് തന്നെ ഇത് കുട്ടികൾക്ക് ഇത് വളരെ ഉപകാരപ്രദമാകുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles