Tuesday, May 21, 2024
spot_img

അഹമ്മദാബാദിലെ സ്‌കൂളുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണ ഭീഷണി ; പിന്നിൽ പാകിസ്ഥാനെന്ന് കണ്ടെത്തൽ ; അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച്

അഹമ്മദാബാദിൽ സ്‌കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നിൽ പാകിസ്ഥാനെന്ന് കണ്ടെത്തൽ. ഭീഷണി സന്ദേശം എത്തിയ ഇ- മെയിൽ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാൻ ബന്ധം കണ്ടെത്തിയത്. അഹമ്മദാബാദിലെ 13 സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

[email protected]. എന്ന ഇ- മെയിൽ വിലാസത്തിൽ നിന്നുമായിരുന്നു സ്‌കൂളുകൾ ബോംബുവച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഈ വിലാസത്തിന് പാകിസ്ഥാൻ സൈന്യവുമായി ബന്ധമുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ടോഹിക് ലിയാകത്ത് എന്ന പേരിലാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള അഹമ്മദ് ജാവേദ് ആണ് ഈ ഇ- മെയിൽ വിലാസത്തിന്റെ ഉടമയെന്നും വ്യക്തമായിട്ടുണ്ട്. നിലവിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.

ഇക്കഴിഞ്ഞ ആറിനായിരുന്നു അഹമ്മദാബാദിലെ സ്‌കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞതിന് തൊട്ട് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് ഉറപ്പിക്കുകയായിരുന്നു. അതേസമയം, ഇതിന്റെ ഉറവിടം പാകിസ്ഥാനിൽ നിന്നുള്ളതാണെന്നത് അധികൃതരിൽ ആശങ്കയുളവാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Related Articles

Latest Articles