Wednesday, May 1, 2024
spot_img

നേരിടാം ഡിപ്രഷനെ കരുത്തോടെ

ഒരു വ്യക്തിയുടെ മാനസിക വിഭ്രാന്തി മൂലം  കുടുംബാംഗങ്ങള്‍ മുഴുവന്‍ ദുരിതമനുഭവിക്കുന്നവരും മാനസികമായി തളര്‍ന്നു ജീവിതം തകര്‍ന്നു പോയവരുമായി എത്രയോ പേര്‍ നമുക്ക് ചുറ്റും ഉണ്ട്. നഗര ജീവിതത്തിന്റെ സാഹചര്യങ്ങളും കുടുംബ ബന്ധങ്ങളില്‍ നിന്ന്  ഒറ്റപ്പെട്ടുള്ള ജീവിതവും ഔദ്യോഗിക ജീവിതത്തിന്റെ മാനസിക പിരിമുറുക്കങ്ങളും വ്യക്തിബന്ധങ്ങളുടെ തകര്‍ച്ചയും തുടങ്ങി പഠനം, പ്രേമ ബന്ധം, ലൈംഗിക പ്രശ്നങ്ങള്‍, മദ്യപാനം, പരമ്പരാഗതമായി വന്ന മാനസിക രോഗങ്ങള്‍ തുടങ്ങി പലപ്പോഴും സമൂഹത്തെ ഭയന്ന് ശരിയായ മാര്‍ഗനിര്‍ദ്ദേശം തേടാതെയും അനുയോജ്യമായ ചികിത്സ ലഭിക്കാതെയും കഴിഞ്ഞു കൂടുന്നവരെ പലരെയും നമുക്കറിയാം.
ബാല്യ- കൌമാര പ്രായത്തിലെ ഭീതിദമായ അനുഭവങ്ങളും പീഡനങ്ങളും ബാല മനസ്സുകളില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ ഭയം മൂലം അവര്‍ പറയാന്‍ മടിചെന്നു വരാം. എന്നാല്‍ ഭാവിയില്‍ ഈ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അവരുടെ ജീവിതം തന്നെ ദുരിത പൂര്‍ണ്ണം ആയേക്കാം.

മാനസിക പ്രശ്നങ്ങള്‍ക്ക് കാരണങ്ങള്‍ ജീവിത സാഹചര്യങ്ങളോ ജീവിതാനുഭവങ്ങളോ തലച്ചോറിലെ വ്യതിയാനങ്ങളോ ജനിതകമായുണ്ടാവുന്നവയോ ഇവയെല്ലാം ഭാഗികമായി ഉള്‍പ്പെടുന്നവയോ ആകാം. രാജ്യാതിര്ത്തിയിലെ പ്രതികൂല കാലാവസ്ഥയില്‍ മേലുദ്യോഗസ്ഥരുടെ കര്‍ക്കശ നിലപാടിലും ഉറ്റവരെ പിരിഞ്ഞു ജീവിക്കുന്നതിലെ ഏകാന്തതയും ധീരരായ നമ്മുടെ സൈനികരെ പോലും മാനസികമായി നീര്‍വ്വീര്യരാക്കിയേക്കാം. ഗള്‍ഫ് നാടുകളില്‍ കഠിന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും ഇതേ അവസ്ഥയിലാണ് . സമൃദ്ധിയില്‍ നിന്ന്  കടബാധ്യതയിലേക്ക് മുങ്ങിത്താഴുന്ന സാമുഹിക പ്രശ്നങ്ങളും തവണകള്‍ അടയ്ക്കാനാവാതെ കടമെടുത്തു വാങ്ങിയ വീടും കാറുമെല്ലാം നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്നവരും നിരവധിയാണ് .മദ്യപാനവും മയക്കു മരുന്നും അവിശ്വാസവും മൂലം കുടുംബ കലഹവും ദുരന്തങ്ങളും സര്‍വ സാധാരണം.  ഒരു കൗന്‍സിലറുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ആത്മ വിശ്വാസത്തോടെ ജീവിതത്തില്‍ വീണ്ടും മുന്നേറുകയും ചെയ്യാനാവുമെങ്കിലും യഥാസമയം ഉചിതമായ ഉപദേശം ലഭിക്കാത്തതു മൂലം തകരുന്ന ജീവിതങ്ങളും നിരവധിയാണ് .

കുട്ടികളും യുവതീയുവാക്കളും നേരിടുന്ന പ്രശ്നങ്ങളില്‍  ഒന്ന് മയക്കു മരുന്നും അനിയന്ത്രിതമായി വശീകരിക്കപ്പെടുന്ന മാധ്യമങ്ങളും ആണ് .വികലമായ ലൈംഗിക തൃഷ്ണയും അക്രമ വാസനയും അവരില്‍ വളരുവാന്‍ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയ നെറ്റ്  വര്‍ക്കും പത്രം സിനിമ തുടങ്ങിയ മാധ്യമങ്ങളും അടങ്ങിയ ഈ ആഴക്കടലില്‍ പെട്ടിരിക്കുന്ന യുവതലമുറക്ക്‌ അതില്‍ നിന്ന് രക്ഷപെടുക അത്ര എളുപ്പമല്ല . വ്യക്തിപരമായ ആദര്‍ശ ശുദ്ധി ഉണ്ടെങ്കില്‍ മാത്രമേ ഈ മായാവലയത്തില്‍ കുടുങ്ങാതെ അവര്‍ക്ക് രക്ഷപെടാനാകൂ.  ബാല പീഡനവും മറ്റും അവരിലുണ്ടാക്കുന്ന മുറിവുകള്‍ പിന്നീട് പലപ്പോഴും ജീവിതത്തിന്റെ ഗതി തന്നെ തകര്‍ത്തു കളഞ്ഞേക്കാം. യഥാസമയം നല്‍കുന്ന കൌന്സെലിങ്ങും സൈക്കോ തെറാപ്പിയും കൊണ്ടു  ബഹുഭൂരിപക്ഷം പ്രശ്നങ്ങളും പരിഹരിക്കാനാകും.
മാനസിക പ്രശ്നം ഉണ്ടെന്നു ഒരു വ്യക്തി സ്വയം തിരിച്ചറിഞ്ഞാല്‍ തന്നെ പ്രശ്നപരിഹാരത്തിനു ഒരു വഴിത്തിരിവാകും.

എന്നാല്‍ ബൈപൊളാര്‍ ,സ്കിസോഫ്രേനിയ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് മുടങ്ങാതെയുള്ള മരുന്നുകളും ചികിത്സയും അത്യന്താപേക്ഷിതമാണ് . പിശാചു ബാധയാനെന്നും പ്രേതത്മാവ്‌ നിവേശിച്ചതാണ്  എന്നും ബാധയൊഴിപ്പിക്കാന്‍ മന്ത്രവാദിയെയോ ബാധ ഒഴിപ്പിക്കുന്ന വൈദികരെയോ കണ്ടു പ്രതിവിധി തേടുന്നതു പതിവാണ് . എന്നാല്‍ ഇത്തരം രോഗങ്ങള്‍ക്ക് മരുന്നും ശാന്തമായ ജീവിത സാഹചര്യങ്ങളും നെഗറ്റീവ് ചിന്തകളില്‍ നിന്ന് പോസിറ്റീവ് ചിന്തകളിലേക്ക് മനസ്സിനെ മാറ്റാനുതകുന്ന ശാന്തവും സ്നേഹപൂര്‍വവുമായ പെരുമാറ്റവും ഈശ്വര ചിന്തയും പ്രാര്‍ഥനാ ഗീതങ്ങളും മറ്റുമാണ് വേണ്ടത് . അന്ധവിശ്വാസങ്ങളല്ല. ജപിച്ചു കെട്ടുന്ന ചരടുകളും പൂജകളുമല്ല പരിഹാരം.

കോപം, ഭയം, നഷ്ടബോധം, കുറ്റബോധം തുടങ്ങിയവയില്‍ നിന്നുണ്ടായ  മാനസിക പ്രശ്നങ്ങള്‍ക്ക്  മരുന്നില്ലാതെ തന്നെ ചികിത്സ നേടാവുന്നതാണ് . പരിചയ സമ്പന്നനായ ഒരു കൌണ്‍സിലര്‍ അല്ലെങ്കില്‍ മന ശാസ്ത്രജ്ഞ്ജനെ കാണുകയാണ് ആദ്യമായി ചെയ്യേണ്ടത്

മരുന്ന് കഴിക്കാതെ തന്നെ സൈക്കോ തെറാപ്പി / കൌണ്‍സിലിങ്ങിലൂടെ ചികില്‍സിക്കാവുന്ന ചില മാനസിക പ്രശ്നങ്ങള്‍

കോപം, ഭയം, നഷ്ടപ്പെട്ടതിനെയോര്‍ത്തു ചിന്ത, കുറ്റം ചെയ്തെന്ന ചിന്ത തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്കും താഴെപ്പറയുന്ന മറ്റനേകം മാനസിക പ്രശ്നങ്ങള്‍ക്കും മരുന്ന് കഴിക്കാതെ തന്നെ സൈക്കോ തെറാപ്പി / കൌണ്‍സിലിങ്ങിലൂടെ ചികില്‍സിക്കാവുന്നതാണ്‌. ..

  1. ആത്മഹത്യാ പ്രവണത – ഇടയ്ക്കിടെ ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന ശീലം
  2. നിരാശ – ഡിപ്രഷന്‍ ഉദാസീനത അലസത
  3. ഭയം- നിഴലിനെയും ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു കരുതിയുള്ള ഭയം
  4. ഇടയ്ക്കിടെ ചെവിയില്‍ ആരോ മന്ത്രിക്കുന്ന പോലെ – ആരൊക്കെയോ തമ്മില്‍ സംസാരിക്കുകയും ചോദിക്കുകയും കുറ്റപ്പെടുത്തുകയും  ശകാരിക്കുകയും ഉപദേശിക്കുകയും ശപിക്കുകയുമൊക്കെ ചെയ്യുന്നത് കേള്‍ക്കാം
  5. ലൈംഗിക പ്രശ്നങ്ങള്‍ – പരിസരബോധമില്ലാതെ ലൈംഗികാവയവങ്ങളില്‍ സ്വയം സ്പര്‍ശിക്കുക, സ്വയംഭോഗാസക്തിയും കുറ്റ ബോധവും, അമിതമായ ലൈംഗികാസക്തിയും വൈകൃതങ്ങളും, നീലച്ചിത്രങ്ങള്‍ കാണുവാനും മറ്റുമുള്ള തൃഷ്ണ.
  6. ദാമ്പത്യ പ്രശ്നങ്ങള്‍
  7. സംശയ  രോഗം
  8. കുറ്റബോധം – പാപം ചെയ്തുവെന്നും ദൈവം പോലും ഇനി ക്ഷമിക്കില്ലെന്നുമുള്ള ചിന്ത
  9. ബലാല്‍സംഗം ചെയ്യപ്പെട്ടതിലെ അമര്‍ഷം , നിരാശ, പക, സമൂഹത്തെ അഭിമുഖീകരിക്കാനുള്ള വെറുപ്പും ഭയവും
  10. ആദരിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ പെരുമാറ്റം, ലൈംഗീക പീഡന ശ്രമം.
  11. പഠന വൈകല്യങ്ങള്‍ – പരീക്ഷയെ ഭയം ,പരീക്ഷാ സമയത്ത് ഒന്നും ഓര്‍മ്മിക്കാനാവാത്ത പോലെ, ചില വിഷയങ്ങളോട് മാത്രം താല്‍പര്യക്കുറവും തോല്‍ക്കുമെന്ന ഭയവും
  12. ഒരു വിഷയം മാത്രം വീണ്ടും വീണ്ടും എഴുതി തോല്‍വി , വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതും മാതാപിതാക്കളെയും കൂട്ടുകാരെയും അഭിമുഖീകരിക്കാനുമാകാതെ ഒളിച്ചോടുക, മദ്യത്തിലും മയക്കു മരുന്നിലും അഭയം തേടുന്ന പ്രവണത
  13. സ്കൂളിലും കോളേജിലും പോകാന്‍ മടി,  റാഗിങ്ങിനെതുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങള്‍
  14. പ്രേമ ബന്ധങ്ങളെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍
  15. ജോലിയിലും ബിസിനസ്സിലും തുടര്‍ച്ചയായി ഉണ്ടാകുന്ന പരാജയം
  16. പണം ദുരുപയോഗം ചെയ്യല്‍ , ധാരാളിത്തം, ദുര്‍വ്യയം
  17. മോഷണ താല്പര്യം, നുണ പറയുന്ന ശീലം
  18. മുടി പറിക്കുകയും തിന്നുകയും ചെയ്യുന്ന ശീലം,  നഖം കടിക്കുന്ന ശീലം
  19. അമിത കോപം – ദ്വേഷ്യം മൂലം മറ്റുള്ളവരെ മര്‍ദ്ടിക്കുന്നതും കൈയില്‍ കിട്ടുന്നതെല്ലാം വലിച്ചെറിഞ്ഞു നശിപ്പിക്കുന്ന പതിവ്
  20. ടെന്‍ഷന്‍ – അസ്വസ്ഥത
  21. ഉറക്കമില്ലായ്മ
  22. അപകര്‍ഷതാ ബോധം – ഇന്‍ഫീരിയോരിട്ടി കോംപ്ളക്സ് , ഒന്നിലധികം ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയം
  23. പിടിവാശി, നിര്‍ബ്ബന്ധ ബുദ്ധി
  24. ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക
  25. പരിസര ബോധമില്ലാത്ത പെരുമാറ്റം  യാഥാര്‍ത്യ  ബോധം നഷ്ടപ്പെട്ട അവസ്ഥ (out of reality)
  26. സ്വപ്നം കണ്ടു ഭയപ്പെടുക കരയുക
  27. ഒറ്റക്കിരുന്നു ഓരോന്നോര്‍ത്തു കരയുക
  28. ആരൊക്കെയോ തന്നെ പിന്തുടരുന്നെന്നും ചതിയില്‍ പെടുത്തി തന്നെ തട്ടിക്കൊണ്ടു പോകുവാനും ശ്രമിക്കുന്നുവെന്ന സംശയം
  29. ബന്ധുക്കള്‍  എല്ലാവരും ശത്രുക്കളാണെന്നും  സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ അവസരം കാത്തിരിക്കുന്നവരാനെന്നും ഉള്ള സംശയം
  30. പാമ്പും ഇഴ ജന്തുക്കളും ബീഭല്‍സ ജീവികളും തന്നെ ആക്രമിക്കുമെന്ന പേടി
  31. മരിച്ചവരുടെ പ്രേതം കൂടുമെന്ന ഭീതി
  32. ദൈവ കോപം ഉണ്ടാകുമെന്ന ഭീതി
  33. ജാതി മതാചാര്യന്മാരും സമുദായവും ചേര്‍ന്ന്  തന്നെ ഭ്രഷ്ട് കല്‍പ്പിച്ചു പീഡിപ്പിക്കുമെന്നും സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്നും ഭയം
  34. തീയും വെള്ളവും ഭയം
  35. ഉയരമുള്ള കെട്ടിടത്തിലെ ,ലിഫ്റ്റില്‍ കയറാന്‍ ഭയം, പുഴയുടെയും തടാകത്തിന്റെയും അടുത്ത് ചെല്ലുവാന്‍ ഭയം, ബോട്ട് മുങ്ങുമെന്ന ഭയം, വെള്ളത്തിനടിയില്‍ ഭീകര ജീവികള്‍ ഉണ്ടെന്ന ഭയം
  36. കടബാധ്യതയില്‍ നിന്ന് മോചനമില്ലാതെ ചെയ്തേക്കാവുന്ന കടുംകൈകള്‍

– ഇങ്ങനെ മനുഷ്യന്‍ അനുഭവിക്കുന്ന മാനസിക പീഡകള്‍ നിരവധിയാണ് .മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി ധാര്‍മികതയിലും സമൂഹ ജീവിതത്തിന് അനുയോജ്യമായി ചിട്ടപ്പെടുത്തപ്പെട്ട ആദര്‍ശ നിഷ്ഠയിലും നീതി ബോധത്തിലും ജീവിക്കണമെന്ന്

ചിന്തിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹ ജീവിയാണ് മനുഷ്യന്‍ അധാര്‍മികമായതോന്നും ശരിയല്ലെന്നും ശാശ്വതം അല്ലെന്നുമുള്ള ചിന്ത തികച്ചും മാനുഷികമാണ്‌ . ഇതില്‍ വീഴ്ച പറ്റുമ്പോഴാണ്‌  മാനസിക പ്രശ്നങ്ങളും ഉടലെടുക്കുന്നത് .

Related Articles

Latest Articles