Monday, May 20, 2024
spot_img

പഞ്ചാബില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെട്ടിമാറ്റിയ കൈ തുന്നിച്ചേര്‍ത്തു

പഞ്ചാബ്: പഞ്ചാബ് പട്യാല പച്ചക്കറി മാര്‍ക്കറ്റില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ആക്രമണത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വെട്ടിമാറ്റപ്പെട്ട കൈ തുന്നിച്ചേര്‍ത്തു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആക്രമണത്തിനിരയായ എഎസ്ഐ ഹര്‍ജീത് സിംഗിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും പരിശ്രമിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ഹര്‍ജീത് സിംഗ് വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെ പഞ്ചാബ് പട്യാല പച്ചക്കറി മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ലോക്ക് ഡണ്‍ ലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഹര്‍ജീത് സിംഗിന്റെ കൈ അക്രമികളില്‍ ഒരാള്‍ വെട്ടിമാറ്റി. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തീവ്ര സിഖ് വിഭാഗമായ നിഹാംഗുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു.

Related Articles

Latest Articles