Monday, December 22, 2025

പരമത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു;വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ അമിത് ഷാ

ദില്ലി : ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ പരമത്യാഗത്തിന് രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കുന്നു. വേദനിക്കുന്ന അവരുടെ കുടംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും മരിച്ചു. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇതേ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു.

ഉടന്‍ തന്നെ പ്രദേശവാസികളെ ഒഴുപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറായ കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.കശ്മീരിൽ സമീപകാലത്ത് ഒരു ഒാപ്പറേഷനിൽ ഇന്ത്യൻ സേനയ്ക്ക് ഇത്രയും സേനാംഗങ്ങളെ നഷ്ടപ്പെടുന്നത് ഇത് ആദ്യമാണ്.

Related Articles

Latest Articles