Thursday, May 2, 2024
spot_img

പ്രതീക്ഷയുടെ ചിങ്ങപ്പുലരി. മഹാവ്യാധിയ്ക്കിടയിലും മലയാളികൾക്ക് പ്രതീക്ഷകളുടെയും അതിജീവനത്തിന്റെയും ചിങ്ങം പിറന്നു

മഹാവ്യാധിയിൽ നിന്നും മോചനപ്രതീക്ഷയുമായി ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം കൂടിയായ ഇന്ന് കാര്‍ഷികവൃത്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കൂടി ഓർമിപ്പിക്കുന്ന ദിവസം. കൊറോണാ വൈറസ് ലോകത്തെയാകെ അടച്ചിട്ടെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ചിങ്ങപ്പുലരിയില്‍ മലയാളികള്‍. കര്‍ക്കടകം തകര്‍ത്തെറിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ചിങ്ങം നമുക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തേകി. കുറച്ചുപാഠങ്ങളും നല്‍കി. കൃഷിയില്‍ നാം കൂടുതല്‍ ശ്രദ്ധിച്ചു. നദികളെ ഒഴുകാന്‍ വിട്ടു. കുറച്ചൊക്കെ ഫലം കാണുകയും ചെയ്തു. അതുകൊണ്ടാണ് രണ്ട് ഇരുപതുകള്‍ ചേരുന്ന വര്‍ഷംത്തെ കാലവര്‍ഷക്കെടുതികളില്‍ നമ്മള്‍ പിടിച്ചുനിന്നത്. പക്ഷേ കര്‍ക്കടത്തിനും മുന്‍പേ നമുക്ക് മുന്നില്‍ മാരകമായ കൊറോണ മഹാമാരി എത്തി, അത് എല്ലാവരെയും വീട്ടിലടച്ചു.

നമ്മളിലേറെപ്പേര്‍ക്കും തൊഴിലെടുക്കാന്‍ പറ്റാതായി. കുട്ടികള്‍ക്ക് മുന്നില്‍ പള്ളിക്കൂടങ്ങള്‍ ഇനിയും തുറന്നില്ല. ദുരിതങ്ങളുടെ കര്‍ക്കടത്തില്‍ പെട്ടിമലയിലും കരിപ്പൂരും നമ്മുടെ കുറെസഹോദരങ്ങളെയും നഷ്ടമായി. മകരമാസത്തില്‍ തുടങ്ങിയ കഷ്ടകാലം ആടിയറുതിയും കടന്ന് മുന്നിലുണ്ട്.
എങ്കിലും ഇടവപ്പാതിയുടെ ഇരുണ്ടുനന്നഞ്ഞ ഈറ്റില്ലത്തില്‍ നിന്ന് പ്രതീക്ഷകളുടെ വെളിച്ചം ഉയരുന്നുവെന്നുവേണം പ്രതീക്ഷിക്കാന്‍.കാണാമറയത്തെ ആ ശത്രുവിനെ തോല്‍പിക്കാന്‍ കരുത്തുറ്റവഴികള്‍ നമ്മുടെ മുന്നിലുണ്ട്. അത് പിന്തുടരുകയേ വേണ്ടു. ഓണത്തിന് അധികദിനമില്ല. ഓണമെന്നാല്‍ എല്ലാതികഞ്ഞതാവണമെന്നില്ല. ഉള്ളതുകൊണ്ടോണം.

Related Articles

Latest Articles