Friday, May 17, 2024
spot_img

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ നികുതി വരുമാനം രണ്ടു ലക്ഷം കോടി കവിഞ്ഞു. 2.10 ലക്ഷം കോടി രൂപയാണ് ഏപ്രിൽ മാസത്തെ ജി എസ് ടി വരുമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 12.4 ശതമാനമാണ് വർദ്ധന. 2023 ഏപ്രിലിൽ രേഖപ്പെടുത്തിയ 1.87 ലക്ഷം കോടിയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 2024 മാർച്ചിൽ വരുമാനം 1.78 ലക്ഷമായിരുന്നു വരുമാനം.

2017 ജൂലായിലായിരുന്നു ജി എസ് ടി നിലവിൽ വന്നത്. ആഭ്യന്തര വ്യാപാരത്തില്‍ 13.4 ശതമാനവും ഇറക്കുമതി ഇനത്തില്‍ 8.3 ശതമാനവുമാണ് വളര്‍ച്ച. ഇതോടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ശരാശരി പ്രതിമാസ വരുമാനം 1.68 ലക്ഷം കോടിയായി. മുന്‍ വര്‍ഷമാകട്ടെ 1.51 ലക്ഷം കോടി രൂപയുമായിരുന്നു.

റീഫണ്ടുകള്‍ കണക്കാക്കിയശേഷം ഏപ്രിലിലെ അറ്റ വരുമാനം 1.92 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 15.5 ശതമാനം വര്‍ധന. ജിഎസ്ടി വരുമാന വളര്‍ച്ചയുടെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 37,671 കോടി രൂപ. 13 ശതമാനമാണ് വളര്‍ച്ച. ഉത്തര്‍പ്രദേശ് 12,290 കോടി രൂപയും തമിഴ്‌നാട് 12,210 കോടി രൂപയും ഹരിയാണ 12,168 കോടിയും സമാഹരിച്ചു. കേരളത്തിന് ലഭിച്ചത് 3272 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വര്‍ധന.

Related Articles

Latest Articles