ദില്ലി: ലോക്ക്ഡൗണ്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങുന്നത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ദുര്‍ബലപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
ലോക്ഡൗണ്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ഇന്നലെ ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ആശങ്ക രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര സര്‍ക്കാരിനാവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
ബാന്ദ്ര റെയില്‍വെ സ്റ്റേഷനു സമീപം ആയിരത്തിലധികം തൊഴിലാളികളാണ് തടിച്ചു കൂടിയത്. ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് തൊഴിലാളികള്‍ സംഘടിച്ചത്. സ്വന്തം നാട്ടിലേക്കു തിരികെ പോകാന്‍ യാത്രാസൗകര്യം ഒരുക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികള്‍ക്കാണ് താമസവും ഭക്ഷണവുമില്ലാതായത്. ഭക്ഷണവും താമസവും നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് തൊഴിലാളികള്‍ മടങ്ങിയതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികളില്‍ ഏറെയും.

