Friday, May 3, 2024
spot_img

ഭീകരരുടെ പേടിസ്വപ്നമായിരുന്ന സൂം എന്ന മിടുക്കൻ

ഒരു കൊലപാതകം നടക്കുമ്പോഴോ അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ കണ്ടെത്താനായോ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴോ പോലീസിനെയും മറ്റ് ഏജൻസികളെയും സഹായിക്കുന്ന ഒരു വിഭാഗമുണ്ട്. അതെ പല കേസുകളിലും വഴിത്തിരിവാകുന്ന തുമ്പ് കണ്ടെത്തുന്ന ഡോഗ് സ്‌ക്വാഡിനെ പറ്റിയാണ് ഈ പറയുന്നത്.

ഇതിപ്പോൾ പറയാൻ കാരണം റാംബോ എന്ന മിടുക്കൻ നായയുടെ ഒരു വാർത്ത ശ്രദ്ധയിൽപെട്ടത് കൊണ്ടാണ്.

4 മണിക്കൂറിനുള്ളില്‍ കൊലക്കേസിന്റെ ചുരുളഴിച്ച ഒരു മിടുക്കൻ ഉണ്ട്. റാംബോ എന്ന പൊലീസ് നായ. ഹൊസഹള്ളിയിലെ 60 വയസ്സുള്ള ഒരാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു അന്വേഷണം. ഈ കേസിലാണ് റാംബോ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. സംഭവ സ്ഥലത്തെത്തിയ നായ മണം പിടിച്ച് പ്രതിയുടെ വീട്ടിലെത്തുകയും നിര്‍ണായക തെളിവുകള്‍ കണ്ടെത്തുകയുമായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഉടന്‍ തന്നെ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

ഷിരാട്ടി താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തില്‍ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മകന്റെ പരാതിയില്‍ കേസെടുത്ത ജില്ലാ ക്രൈം യൂണിറ്റ് ഉടന്‍ തന്നെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി. പിന്നാലെ സേനയിലെ ഏറ്റവും മിടുക്കനായ നായയായ റാംബോയെ തന്നെ തെളിവ് കണ്ടെത്താന്‍ രംഗത്തിറക്കുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ക്ക് അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ബന്ധത്തില്‍ പ്രകോപിതരായ പ്രതികള്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന് ഒട്ടും മെനെക്കെടേണ്ടി വന്നില്ല. റാമ്പോ ഞൊടിയിടയിൽ പ്രതികളെ പിടിച്ചു. ഇത് ആദ്യമായല്ല ഡോഗ് സ്‌ക്വാഡ് പോലീസിനെ സഹായിക്കുന്നത്.

ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കരസേനയുടെ നായ ‘സൂം’ മരണത്തിനു കീഴടങ്ങിയ വാർത്ത നമ്മളെയെല്ലാവരെയും ദുഖിതരാക്കിയിരുന്നു. എന്താണ് അന്ന് ജമ്മു കാശ്മീരിൽ സൂമിന് സംഭവിച്ചത്?.ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന സേനാ ദൗത്യത്തിനിടെയാണ് 2 ലഷ്കർ ഭീകരരെ സൂം പിടികൂടിയത്. രക്ഷപ്പെടാൻ ഭീകരർ 2 തവണ വെടിവച്ചെങ്കിലും സൂം പിടിവിട്ടില്ല. പിന്നാലെ ഇരച്ചെത്തിയ സൈനികർ ഭീകരരെ വെടിവച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ സൂം ശ്രീനഗറിലെ സേനാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത് . സൂമിന്റെ ആത്മസമർപ്പണം എക്കാലവും സ്മരിക്കപ്പെടുമെന്ന് സൈന്യം പറഞ്ഞിരുന്നു.

ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിയ്ക്കുന്ന നരബലി കേസിലും ഡോഗ് സ്‌ക്വാഡ് വലിയ പങ്കാണ് വഹിച്ചത്. കേരള പോലീസിന്‍റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ.

മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്. നരബലി കേസിൽ പോലീസിനെ സഹായിക്കാൻ ഇവർ എത്തിയിരുന്നു.

ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും.

പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡിലെ നായകൾ പല കേസുകളുടെയും ചുരുളഴിയാൻ സഹായിച്ചിട്ടുണ്ട് .

Related Articles

Latest Articles