Sunday, May 19, 2024
spot_img

മരണം മൂന്നിലൊന്നായി കുറയ്ക്കും; കോവിഡിനെതിരെ മരുന്ന് റെഡിയെന്ന് ഗവേഷകര്‍

ലണ്ടന്‍: കോവിഡ് മരണം കുറയ്ക്കാന്‍ മരുന്നുതയ്യാറെന്ന് ഗവേഷകര്‍. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ഡെക്‌സാമെതാസോണ്‍ എന്ന മരുന്ന് കോവിഡിനെതിരെ ഫലപ്രദമാണെന്നും മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മരുന്ന് പരീക്ഷിച്ചത്. ജീവന്‍രക്ഷാ മരുന്നായി ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ കോവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണെന്ന് യുകെയിലെ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വെന്റിലേറ്ററുകളിലെ രോഗികളുടെ മരണ സാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്താല്‍ ചികിത്സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. കോവിഡിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡ് രോഗികള്‍ കൂടുതലുള്ള ദരിദ്ര രാജ്യങ്ങളില്‍ ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും പറയുന്നു.

കോവിഡിനെതിരെ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനും പരീക്ഷിച്ചെങ്കിലും ഹൃദയത്തിനു പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ പിന്നീട് ഉപേക്ഷിച്ചു. മറ്റൊരു മരുന്നായ റെംഡിസിവിര്‍ ഹ്രസ്വകാലത്തേക്ക് എന്‍എച്ച്എസ് (നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്) ഉപയോഗിക്കുന്നുണ്ട്.

Related Articles

Latest Articles