Saturday, January 10, 2026

മാന്നാർ കൊലക്കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ പോലീസ്; മൂന്ന് പ്രതികളെ വിശദമായി ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനൊരുങ്ങി പോലീസ്. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

അതേസമയം, കലയുടെ ഭർത്താവ് അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിന് ലഭിക്കു. അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കല കൊല്ലപ്പെടുന്നത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തിയ്യതിയോ പോലീസിന്റെ പക്കൽ ഇല്ല. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. കലയുടെ മൃതദേഹം കൊണ്ടുവന്ന കാറുൾപ്പടെ പല തെളിവുകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്.

Related Articles

Latest Articles