ദില്ലി: കര്‍ശന നിയന്ത്രണങ്ങളോടെ മെയ് മൂന്നിന് ശേഷം ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവര്‍ത്തിച്ചേക്കും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരിക്കും. സുരക്ഷാ പരിശോധനയ്ക്ക് വരി ഉണ്ടാവില്ല.
വിമാനത്തിനകത്ത് ഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കും. കൂടാതെ വിമാനത്തിനകത്ത് ശൗചാലയം ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും. വിമാന കമ്പനികളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പില്‍ പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വച്ചത്.
ഇത് നടപ്പാവുന്നതോടെ യാത്രക്കാരുടെ സുരക്ഷാ പരിശോധനക്ക് കൂടുതല്‍ സമയമെടുക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തലാക്കിയിട്ട് ഒരു മാസം തികയുകയാണ്.
രാജ്യ വ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ആദ്യ ദിനമായ മാര്‍ച്ച് 25നായിരുന്നു ആഭ്യന്തര സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 22ന് നിര്‍ത്തലാക്കിയിരുന്നു.
ഏപ്രില്‍ 15ന് അവസാനിക്കേണ്ടിയിരുന്ന ഒന്നാംഘട്ട ലോക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടുകയായിരുന്നു. മെയ് മൂന്നിന് ശേഷം വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. വിമാനത്താവളം തുറക്കുമ്പോള്‍ എങ്ങനെ നൂറ് കണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നള്ള കാര്യങ്ങളില്‍ പദ്ധതി തയാറാക്കാന്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫും, ഡല്‍ഹി വിമാനത്താവളത്തിന്റെ ഓപറേറ്ററും വിവിധ വിമാന കമ്പനികളും യോഗം ചേര്‍ന്നിരുന്നു.
സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ യാത്രക്കാരനും അഞ്ച് മുതല്‍ ഏഴ് മിനിട്ടു വരെ അധിക സമയം ആവശ്യമായി വരുന്നതിനാല്‍ യാത്രക്കാര്‍ വളരെ നേരത്തേ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ടി വരും.

