ദില്ലി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയര്‍ന്നു. 170 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്, രാജ്യത്ത് മരണസംഖ്യ ഇതോടെ 4337 ആയി ഉയര്‍ന്നു.
ഇത് വരെ 64,426 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവില്‍ 83,004 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍ ഇത് വരെ 54,758 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1,792 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചു.
കൊവിഡ് വ്യാപനം ഒരോ ദിവസവും ശക്തിപ്പെടുന്നതിനിടെ നാലാം ഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കും. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണോ അതോ രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് അഞ്ചാം ഘട്ടത്തിലേക്ക് നീട്ടണോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടരുകയാണ്.
അതേസമയം കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഐ സി എം ആര്‍ വിപുലീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാര്‍, കച്ചവടക്കാര്‍ എന്നിവരെ കൂടി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിച്ചു.

