Sunday, May 19, 2024
spot_img

ശ്യാമമേഘങ്ങൾ ഇനി വരില്ല, ദേവദാരുക്കളെ കാണാൻ. ചുനക്കര രാമൻകുട്ടി വിടവാങ്ങി

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസായിരുന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം . പിന്നീട് വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിന് ഗാനങ്ങള്‍ എഴുതി. തുടർന്ന് നിരവധി സിനിമാ ഗാനങ്ങള്‍ക്കും വരികളെഴുതി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നടക്കും.

1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.

1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ‘ദേവതാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍’ എന്ന വരി മാത്രം മതി ചുനക്കര രാമന്‍കുട്ടി എന്ന ഗാനരചയിതാവിനെ ചലച്ചിത്രഗാനാസ്വാദകര്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍. ഓര്‍ത്തുപാടാന്‍ എത്രയോ ഗാനങ്ങള്‍ പിന്നെയും തന്നിട്ടുണ്ട് ചുനക്കര. കുയിലിനെ തേടിയിലെ ‘സിന്ദൂരതിലകവുമായ്‌’ അധിപനിലെ ​’ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്​ഗാനങ്ങൾ അദ്ദേഹത്തിന്റെ തുലികയിൽ പിറന്നവയായിരുന്നു. സംഗീതസംവിധായകൻ ശ്യാമിനൊപ്പം ചേര്‍ന്നൊരുക്കിയ ഹിറ്റുകള്‍ ഇന്നും മലയാളിയുടെ ഇഷ്ടഗാനങ്ങളാണ്. ഗാനരചയിതാവായി പേരെടുത്തെങ്കിലും ഗായകനായി അറിയാനായിരുന്നു ചുനക്കരയുടെ ആഗ്രഹം. 2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ), പി.ടി.സജി ( മുംബൈ റെയിൽവേ ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി). ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ

Related Articles

Latest Articles