ദില്ലി : അനന്തപുരി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ വിധി ഇന്ന് . ഇന്ത്യയിലെ തന്നെ സമ്പന്ന ക്ഷേത്രം അറിയപ്പെടുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ആര് ഭരിക്കും എന്നതിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജികളിലാണ് ഇന്ന് കോടതി വിധി പറയുക. ഇതിന് പുറമേ, ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും.ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ച് ആണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പടിവിച്ച വിധി.ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി .എന്‍.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.ഇതിനെതിരെ രാജകുടുംബം നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക.
ക്ഷേത്ര സ്വത്തിലല്ല, ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചു. അതിനെതിരെ രാജകുടുംബം നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശപ്പെട്ടതാണെന്നും , അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് തങ്ങൾ ചോദിക്കുന്നതെന്നുമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത് . ആദ്യം സ്വകാര്യ ക്ഷേത്രമെന്ന് പറഞ്ഞ രാജകുടുംബം പിന്നീട് നിലപാട് മാറ്റി പൊതുക്ഷേത്രം എന്നാക്കി.
പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ ഭാഗം ആകുന്നതും ആയി ബന്ധപ്പെട്ട ഉടമ്പടിയില്‍ പദ്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ടെന്ന് കോടതിയില്‍ രാജകുടുംബം ചൂണ്ടിക്കാട്ടി.
അതേസമയം, ഗുരുവായൂര്‍ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവെച്ചിരുന്നു. സമിതിയുടെ അദ്ധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കണം. അതേസമയം എട്ടംഗ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
ക്ഷേത്രത്തിലെ ബി നിലവറയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് മാത്രമാണ് ഇതുവരെ നടത്താത്തത്. ബി നിലവറ തുറന്നാൽ ക്ഷേത്രത്തിന് കേടുപാടുകൾ ഉണ്ടാക്കുമെന്നാണ് രാജകുടുംബത്തിന്‍റെ നിലപാട്.എന്നാൽ ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടെന്നാണ് മുൻ സിഎജി വിനോദ് റായ് സുപ്രീംകോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ അറിയിച്ചത്. നിലവറ തുറന്ന് കണക്കെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം വ്യക്തമാക്കും.
.

