ദില്ലി: കൊറോണ മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന് ബോറടിക്കുന്നവര്‍ക്കായി ദൂരദര്‍ശന്‍ പല ക്ലാസിക് പരമ്പരകളും പുനഃസംപ്രേഷണം ചെയ്യാനാരംഭിച്ചുരുന്നു. ഇതോടെ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ദൂരദര്‍ശന്‍.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (ബാര്‍ക് ഇന്ത്യ) പുറത്തുവിട്ട റേറ്റിങ്ങില്‍ പ്രശസ്തമായ പല സ്വകാര്യ വിനോദ ചാനലുകളെയും പിന്തള്ളി ദൂരദര്‍ശന്‍ മുന്നിലെത്തി.
90 കളില്‍ സൂപ്പര്‍ഹിറ്റുകളായിരുന്ന ശക്തിമാന്‍, രാമായണം, സര്‍ക്കസ്, മഹാഭാരത്, ബ്യോംകേഷ് ബക്ഷി തുടങ്ങിയ പരമ്പരകളാണ് വീണ്ടും സംപ്രേക്ഷണം ചെയ്യാനാരംഭിച്ചത്. രാമായണം, മഹാഭാരതം തുടങ്ങിയ പരമ്പരകളാണ് റേറ്റിങ്ങില്‍ മുന്നിലുള്ളത്.
മുന്‍നിര വിനോദ ചാനലുകള്‍ അവരുടെ റിയാലിറ്റി ഷോകളും സീരിയലുകളും ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചതാണ് ദൂരദര്‍ശന് തുണയായത്.
പ്രസാര്‍ ഭാരതി അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ തങ്ങളുടെ കാഴ്ചക്കാരിലുണ്ടായ വര്‍ധന പങ്കുവച്ചിരുന്നു. ബാര്‍ക് ഇന്ത്യയുടെ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള റേറ്റിങ് പ്രകാരമാണ് ദൂരദര്‍ശന്‍ വമ്പന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. ഡിഡി നാഷനല്‍ എന്ന ചാനലിലാണ് പരമ്പരകള്‍ പുനഃസംപ്രേഷണം ചെയ്തത്.

