Saturday, May 18, 2024
spot_img

സര്‍വകലാശാലകള്‍ അവസാന വര്‍ഷ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണം, തീയതി നീട്ടിനല്‍കാന്‍ ആവശ്യപ്പെടാം; സുപ്രീംകോടതി

ദില്ലി: സര്‍വകലാശാലകള്‍ അവസാന വര്‍ഷ/ സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ നടത്താനുള്ള തീയതി നീട്ടിനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയോട് ആവശ്യപ്പെടാമെന്നും കോടതി അറിയിച്ചു. അവസാന വര്‍ഷ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട യു.ജി.സി നിര്‍ദേശങ്ങള്‍ക്കെതിരെ വന്ന ഹര്‍ജികളുടെ വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. സെപ്റ്റംബര്‍ 30-നകം പരീക്ഷകള്‍ നടത്തണമെന്നായിരുന്നു യു.ജി.സി നിര്‍ദേശം. എന്നാല്‍ കോടതിവിധിയോടെ ഇത് നീട്ടിനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, ഡല്‍ഹി സര്‍ക്കാരുകള്‍ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് യു.ജി.സി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രിയും നേരത്തെ പറഞ്ഞിരുന്നു.ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Related Articles

Latest Articles