Friday, May 3, 2024
spot_img

സ്പ്രിൻക്ലറിൽ സിപിഐ പിന്നെയും ഇടയുന്നു; തണുപ്പിക്കാൻ സിപിഎം പാടുപെടും

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ കടുത്ത അതൃപ്തിയുമായി സിപിഐ. കരാറില്‍ അവ്യക്തത നിലനില്‍ക്കുന്നവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.പാര്‍ട്ടിയുടെ അതൃപ്തി കാനം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. എകെജി സെന്ററിലെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്ച .

എന്തുകൊണ്ട് കരാര്‍ വിശദാംശങ്ങള്‍ മന്ത്രിസഭ ചര്‍ച്ചചെയ്തില്ലെന്ന നിര്‍ണായക ചോദ്യമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്നത്. നിയമനടപടികള്‍ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ വിശദീകരിക്കേണ്ട ബാധ്യത സി.പി.എമ്മിനും സര്‍ക്കാരിനും വരും ദിവസങ്ങളില്‍ തലവേദനയാകും.

പ്രത്യേകിച്ച് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അന്വേഷണ സമിതിയെ അടക്കം നിയോഗിച്ച് മുന്നോട്ട് പോകുമ്പോള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളില്‍ എതിര്‍പ്പ് ഉയരുന്നത് പ്രതിപക്ഷവും ആയുധമാക്കും.

പരസ്യ പ്രതികരണം നടത്തിയില്ലെങ്കിലും ഇടപാടില്‍ കടുത്ത അതൃപ്തിയുള്ള സിപിഐയെ തണുപ്പിക്കാന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സിപിഐ ആസ്ഥാന ത്തെത്തിയിരുന്നു.

ഇന്നലെ രാവിലെയാണ് ഐടി സെക്രട്ടറി എംഎന്‍ സ്മാരകത്തിലെത്തിയത്. കരാര്‍ സാഹചര്യങ്ങളെല്ലാം ഐടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സിപിഐയുടെ ഇക്കാര്യത്തിലുള്ള അതൃപ്തി തുടരുക തന്നെയാണ്.

Related Articles

Latest Articles