Tuesday, May 14, 2024
spot_img

സ്വർണ്ണക്കടത്ത്: അറ്റാഷെയേയും പ്രതികൾ പറ്റിച്ചു. സ്വര്‍ണ്ണത്തിന്‍റെ അളവ് അറ്റാഷെയോട് കുറച്ച് പറഞ്ഞു

കൊച്ചി: നയതന്ത്ര ബാഗ് വഴിയുളള കളളക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയേയും പ്രതികൾ പറ്റിച്ചു. ഓരോ തവണയും കളളക്കടത്ത് നടത്തിയ സ്വർണ്ണത്തേക്കാൾ കുറഞ്ഞ അളവാണ് സ്വപ്ന സുരേഷ് അറിയിച്ചിരുന്നത്. അറ്റാഷെ കൂടുതൽ കമ്മീഷൻ ചോദിച്ചതോടെയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതികൾ കസ്റ്റംസിന് നൽകിയ മൊഴി.

2019 ജൂലൈ മുതൽ 2020 ജൂൺ 30 വരെ 23 തവണയാണ് നയതന്ത്ര ബാഗിലൂടെ പ്രതികൾ സ്വർണ്ണം കടത്തിയത്. ലോക്ക് ഡൗണിന് മുമ്പായിരുന്നു ഇതിൽ 20 തവണയും കളളക്കടത്ത്. അഞ്ച് മുതൽ ഏഴ് കിലോ വരെ സ്വർണമാണ് വീട്ടുപകരണങ്ങളില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. മൂന്ന് കിലോ സ്വർണ്ണത്തിന് 1500 ഡോളറായിരുന്നു യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ കമ്മീഷൻ. ഇതിൽ കൂടുതല്‍ എത്തിയാൽ കൂടുതൽ കമ്മീഷൻ വേണമെന്ന് അറ്റാഷേ ആവശ്യപ്പെട്ടെന്നാണ് സ്വപ്നയുടെ മൊഴി.

ഇതോടെയാണ് കളളക്കടത്ത് നടത്തുന്ന സ്വർണത്തിന്‍റെ അളവ് കുറച്ച് കാണിച്ചത്. 20 തവണയും അഞ്ചു മുതൽ ഏഴ് കിലോ വരെ സ്വർണം എത്തിയപ്പോഴും മൂന്നു കിലോയെന്നാണ് സ്വപ്‍നയും സരിത്തും അറ്റാഷെയോട് പറഞ്ഞത്. എന്നാൽ റമീസ് അടക്കമുളള കളളക്കടത്തിലെ പ്രധാനികളോട് അറ്റാഷെയ്ക്ക് കൂടുതൽ കമ്മീഷൻ നൽകിയതായും പ്രതികൾ അറിയിച്ചു. കമ്മീഷൻ ഇനത്തിൽ ലഭിച്ച ലാഭം സ്വപ്‍നയും സരിത്തും സന്ദീപും ചേർന്ന് പങ്കിട്ടെടുത്തെന്നും മൊഴിയിലുണ്ട്.

ഓരോ തവണയും 50,000 മുതൽ ഒരു ലക്ഷം വരെ മൂവർക്കും അധിക കമ്മീഷൻ ഇനത്തിൽ കിട്ടി. കളളക്കടത്തിന് അറ്റാഷെ നൽകിയ പിന്തുണയുടെ വിശദാംശങ്ങളടക്കം കസ്റ്റംസ് കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം സ്വപ്‍നയേയും സന്ദീപിനേയും കസ്റ്റംസ് കോടതിയിൽ ഹാജരാക്കി. ഇരുവരെയും റിമാൻഡ് ചെയ്തു.

Related Articles

Latest Articles