കോഴിക്കോട്: രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണമായ അപകടം നടന്നത്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് സുലോചനയെ മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കനത്ത മഴ അപകടത്തിനു കാരണമായതായി പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് സമീപത്തെ കടയിലേക്കും തീ പടർന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

