Wednesday, May 15, 2024
spot_img

ഹൃദയത്തിലേക്ക് ഒരു ‘ബുക്ക് ഷെൽഫ് ‘; ഇന്ന് ലോക പുസ്തക ദിനം

ഇന്ന് ലോക പുസ്തക ദിനം. എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.

ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. 1996 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തു.

വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായനതന്നെ. വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം. നല്ല പുസ്തകങ്ങളിലൂടെ ഇത് സാധിക്കൂ. സമൂഹത്തിൽ ഉയർന്നുവരാനാഗ്രഹിക്കുന്ന ഏതൊരാളും വായനയെ അതിനുള്ള പ്രധാന പടവായി കാണണം. വിശാലമായ കാഴ്ചപ്പാടുകളും വായന നമുക്ക് സമ്മാനിക്കുന്നു. വ്യക്തികളിൽ ആത്മവിശ്വാസവും ആശയവിനിമയശേഷിയും നിർമിക്കുന്നതിൽ വായനയ്ക്ക് വളരെ വലിയ പങ്കുണ്ട്.

പഴയതിനെ നവീകരിക്കുകയും പുതിയതിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു വായന. ഇത് ഒരു സര്‍ഗാത്മകമായ കര്‍മ്മമാ ണ്. എഴുത്തുകാരന്റെ ചിന്ത വായനക്കാരന്‍ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം. ശരീരത്തിന് വ്യായാമം വേണമെന്നതുപോലെ മനസിനും വ്യായാമം കൂടിയേ തീരൂ. മനസിനു നല്‍കുന്ന വ്യായാമമാണ് വായന. വായന മനസിന്റെ അകത്തളങ്ങളിലേക്ക് പുതിയ അനുഭവങ്ങളെയും ആശയങ്ങളെയും ആനയിക്കുന്നു. അതുവഴി മനസിന് ആനന്ദവും ആസ്വാദനവും ലഭിക്കുന്നു. നല്ലതു വായിക്കുമ്പോഴാണ് വായനയുടെ യഥാര്‍ഥ
ഗുണഫലം അനുഭവിക്കാന്‍ കഴിയുന്നത്. ഒരു രസത്തിനു വേണ്ടിയുള്ള വായന ഒരു പരിധിവരെ ആവാം. പക്ഷേ, രസത്തിനു വേണ്ടി മാത്രമാവരുത്, വിജ്ഞാനവും സംസ്‌കാരവും നേടാന്‍ കൂടിയാവണം വായന. ഓരോ വായനയിലും അറിവിന്റെ ഒരംശമെങ്കിലും നമുക്കു ലഭ്യമാവണം. അല്ലെങ്കില്‍ വായന വ്യര്‍ഥമാകും. എത്ര വായിച്ചു എന്നതല്ല, എന്ത് വായിച്ചു എന്നതാണ് പ്രധാനം.

പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.

Related Articles

Latest Articles