തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ ഒന്നു വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ കാലവര്‍ഷത്തിന്റെ ഭാഗമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്.

