Friday, January 9, 2026

ഹൈദരാബാദിൽ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത 5 മലയാളികള്‍ക്ക് കൊവിഡ്

തെലങ്കാനയില്‍ അഞ്ച് മലയാളികള്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ എല്ലാവരും ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

ഈ മാസം 17നാണ് കായംകുളം സ്വദേശി മരിച്ചത്. മരണകാരണം ഹൃദയാഘാതം ആണ് എന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ അടിതിരുത്തി ഖബറിസ്ഥാനിലായിരുന്നു ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. അതേസമയം, ഇദ്ദേഹം പനിയുടെ ചികിത്സ തേടിയിരുന്നതായും സൂചനകളുണ്ട്.

വീടിന് അടുത്തുള്ള 20തോളം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് മെയ് 19 നാണ് മരിച്ചയാളുടെ ഭാര്യയെ കടുത്ത പനിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. അതിന് ശേഷം കൂടുതൽ ആളുകളില്‍ പരിശോധന നടത്തുകയും മറ്റ് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൂടുതല്‍ ആളുകളുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തൃശൂർ സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മരിച്ച വ്യക്തി പനിക്ക് ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു എന്നാല്‍ ഇദ്ദേഹത്തിന് കൊവിഡ് രോഗത്തിനുള്ള പരിശോധനകള്‍ നടത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട്, മരിച്ചതിന് ശേഷവും കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. രോഗം സ്ഥീരകരിച്ചതിൽ കൂടുതലും ആളുകള്‍ തൃശൂര്‍ സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിൽ ഇന്നലെ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Related Articles

Latest Articles