Saturday, January 10, 2026

അതീവ ജാഗ്രതയിൽ പഞ്ചാബ്; ലുധിയാനയിൽ നിരോധനാജ്ഞ; സ്‌ഫോടനത്തിൽ സംസ്ഥാനത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അമൃത്സർ: കോടതിവളപ്പിലെ സ്‌ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രതയിൽ പഞ്ചാബ് (Bombblast In Punjab). സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാർ നൽകിയത്.

അതേസമയം സംസ്ഥാനത്ത് അടുത്ത പതിമൂന്ന് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തിയാണ് പഞ്ചാബ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനെ അട്ടിമറിക്കാനാണ് ദേശവിരുദ്ധ ശക്തികളുടെ ശ്രമമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി ആരോപിച്ചു. അതേസമയം സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിയൻ ഹോം സെക്രട്ടറി അജയ് ഭല്ല ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാൾ സ്‌ഫോടനം നടത്താനെത്തിയ ചാവേർ ആണെന്നും നിഗമനമുണ്ട്. എൻഎസ്ജി സംഘം സ്‌ഫോടനമുണ്ടായ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.

Related Articles

Latest Articles