Saturday, April 20, 2024
spot_img

സസ്പെന്‍സ് തുടരുന്നു,​ കോണ്‍ഗ്രസിന്റെ പത്താംപട്ടികയിലും വടകരയും വയനാടുമില്ല

ദില്ലി : രാഷ്ട്രീയ ഇന്ത്യയെ ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെ നിര്‍ത്തി വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളിലെയും 26 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിന്റെ പത്താമത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.

പശ്ചിമബംഗാളിലെ 25 മണ്ഡലങ്ങളിലേക്കും മഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലേക്കുമുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത്- വെസ്റ്റ് മണ്ഡലത്തില്‍ സഞ്ജയ് നിരുപമാണ് സ്ഥാനാര്‍ത്ഥി. മിലിന്ദ് ദിയോറയെ മുംബൈ സംസ്ഥാന അധ്യക്ഷനായി നിയമിക്കാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.

ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ വയനാട് മണ്ഡലത്തിന്റെ സസ്‌പെന്‍സ് അവസാനിക്കുമെന്ന് കരുതിയിരുന്നു.എന്നാല്‍ മത്സരിക്കുന്ന രണ്ടാം സീറ്റിനെക്കുറിച്ചുളള ചോദ്യത്തിന്, അത്തരം ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. നാളെയും മറ്റന്നാളും കാണാം. അപ്പോള്‍ അതേക്കുറിച്ച്‌ വ്യക്തമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നു തന്നെ പുറത്തുവന്ന കോണ്‍ഗ്രസിന്റെ പത്താമത് സ്ഥാനാര്‍ത്ഥി പട്ടികയാണ് വീണ്ടും സസ്‌പെന്‍സ് നിലനിര്‍ത്തി വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത്.

ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ മത്സരിക്കുന്ന വടകരയിലെ സ്ഥാനാര്‍ത്ഥിയെയും കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ പട്ടികയില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ പേരും ഇടംപിടിച്ചില്ല.

Related Articles

Latest Articles