തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത്. രാഹുല്‍ വന്നാല്‍ ബി.ഡി.ജെ.എസിന്റെ അനുമതിയോടെ കേന്ദ്ര നേതൃത്വം ശക്തമായ സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതൃയോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം,​ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിക്ക് പുറമെ വയനാട്ടിലും മത്സരിക്കുമോ ഇല്ലയോ എന്ന സസ്പെന്‍സ് നിലനിറുത്തി രാഹുലിന്റെ വാര്‍ത്താ സമ്മേളനം. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ മിനിമം വാഗ്‌ദാനത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും മിണ്ടാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും താന്‍ ഇന്ന് മറുപടി പറയില്ലെന്നും നാളെയും മറ്റന്നാളും ഇനി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.