തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾ പിന്നിടുമ്പോൾ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്ത് അതിരുകടന്ന പ്രീണന രാഷ്ട്രീയം നടക്കുകയാണെന്നും മുസ്ലീംലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും സന്തോഷിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രവർത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘100 ദിവസം, വികസനം പൂജ്യം’ എന്ന തലക്കെട്ടിലാണ് രാജീവ് ചന്ദ്രശേഖർ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. സർക്കാർ മുന്നോട്ടുവച്ച അഞ്ച് ഗ്യാരന്റികളിൽ നാലെണ്ണവും പാലിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങളോ വ്യവസായങ്ങളോ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആദ്യ 100 ദിവസത്തിനിടെ സർക്കാർ 12,500 കോടി രൂപയുടെ അധിക കടബാധ്യത വരുത്തിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
നിയമവാഴ്ചയുടെ ലംഘനം, പി.എസ്.സി തട്ടിപ്പുകളിൽ കൃത്യമായ അന്വേഷണം നടത്താത്തത്, എക്‌സാലോജിക് അഴിമതിയിൽ നടപടിയില്ലാത്തത് തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനെതിരെ ആരോപണമുന്നയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഹിന്ദുവിരുദ്ധ പരാമർശങ്ങൾ വർധിച്ചുവരികയാണെന്നും രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നതിനായി വന്ദേമാതരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ ഭരണനിലവാരത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കേരളത്തിലെ യുവജനങ്ങളെയും അയ്യപ്പ വിശ്വാസികളെയും നിയമം അനുസരിക്കുന്ന മലയാളികളെയും വി.ഡി. സതീശൻ സർക്കാർ വഞ്ചിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. 100 ദിവസം പിന്നിട്ടിട്ടും സർക്കാർ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അടുത്ത അഞ്ച് വർഷവും സംസ്ഥാനത്ത് കാര്യമായ വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം വിമർശിച്ചു.

