ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് പ്രചോദനമേകിയ വാക്കുകൾക്ക് ഇന്ന് നൂറിന്റെ നിറവ്. 2014 ഒക്ടോബർ 03 ന് റേഡിയോയിലൂടെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയായ മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തപ്പോൾ നെറ്റി ചുളിച്ചവർ രാജ്യത്തുണ്ടായിരുന്നു. ടെലിവിഷനും ഇന്റർനെറ്റും അടക്കം ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ നിലനിൽക്കുമ്പോൾ എന്തുകൊണ്ട് റേഡിയോ എന്ന് പലരും ചോദിച്ചിട്ടുണ്ടാകും. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമങ്ങളിൽ കുടികൊള്ളുന്ന രാഷ്ട്രത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ വ്യക്തിയാണ്. 130 കോടി ജനങ്ങളിൽ ഒരാളെയും വിടാതെ ഈ മഹത്തായ രാഷ്ട്രത്തിന്റെ സുസ്ഥിര വികസനത്തിന് ഒപ്പംകൂട്ടാനുള്ള ശക്തമായ മദ്ധ്യമമാണ് റേഡിയോ എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സർക്കാരിനെ എന്നും ജനങ്ങൾക്കൊപ്പം നിർത്താൻ മൻ കി ബാത്തിന് സാധിച്ചിട്ടുണ്ട്. ജനങ്ങളോട് സംവദിച്ച് അവരിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ട് അവരെ മുൻപില്ലാത്ത വിധം പ്രചോദിപ്പിച്ച് സബ് ക സാത് സബ്‌കാ വികാസ് എന്ന ലക്ഷ്യത്തിലേക്കടുക്കുമ്പോൾ രാജ്യത്ത് പിറന്നത് പുതുചരിത്രം.
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. രാജ്യമെമ്പാടും വിപുലമായ ക്രമീകരണങ്ങളാണ് മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്. 100 ദിവസത്തെ കർമ്മ പദ്ധതിക്ക് വിനോദ സഞ്ചാര വകുപ്പ് ഇതുമായി ബന്ധപ്പെട്ട് രൂപം നൽകിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധനയ്ക്ക് ലോകരാജ്യങ്ങളുടെ ആദരവിന്റെ പ്രതീകമായി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎന്‍ ആസ്ഥാനത്ത് സംപ്രേഷണം ചെയ്യും. മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യൻ സമൂഹം നൂറാം പതിപ്പിനെ വലിയ ആവേശത്തോടെ സ്വാഗതം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലും നിരവധി കേന്ദ്രങ്ങളിൽ മൻ കി ബാത്ത് വലിയ ആഘോഷത്തോടെ സംപ്രേക്ഷണം ചെയ്യും. തിരുവനന്തപുരത്ത് രാജ്ഭവനിൽ ക്ഷണിക്കപ്പെട്ട സദസ്സിനോടൊപ്പം ഗവർണറും മൻ കി ബാത്തിൽ പങ്കുചേരും. തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ളയും ചടങ്ങിൽ പങ്കെടുക്കും.
ഒരു രാഷ്ട്രത്തിന്റെ തലവൻ എല്ലാമാസവും ഒരു മുടക്കവും കൂടാതെ ജനങ്ങളെ അഭിസംബോധന ചെയ്‌ത ചരിത്രം ലോകത്തെവിടെയുമില്ല. നൂറു എപ്പിസോഡുകൾ പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക ചരിത്രത്തിൽ മറ്റൊരു അദ്ധ്യായം കുറിക്കുകയാണ്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് മൻ കി ബാത്ത് വലിയ സംഭാവനകൾ നൽകിയതായി ബിൽഗേറ്റ്സ് ഫൌണ്ടേഷൻ അറിയിച്ചു. ഇത് കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ചതായും ജനാധിപത്യത്തിന് മൻ കി ബാത്ത് ശക്തമായ അടിത്തറ നൽകിയതായി കേന്ദ്രമന്ത്രി അമിത് ഷായും അഭിപ്രായപ്പെട്ടു.

