ദില്ലി: ലോകത്തെ ജനപ്രിയ ബ്രൗസർ ആപ്പുകളിലൊന്നാണ് ഗൂഗിൾ ക്രോം. കോടിക്കണക്കിന് ആളുകളാണ് ക്രോമിനെ ആശ്രയിക്കുന്നത്. അത് കൊണ്ടു തന്നെ സൈബർ കുറ്റകൃത്യങ്ങളും ക്രോമിനെ ചുറ്റിപ്പറ്റി നടക്കാറുണ്ട്. ഇപ്പോഴിതാ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസിബിൾ ടീം.
11 സുരക്ഷാ പ്രശ്‌നങ്ങളാണ് ക്രോം ബ്രൗസറിൽ പുതുതായി കണ്ടെത്തിയിട്ടിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ഉപയോക്താക്കളോട് ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. 104.0.5112.101 മാക്ക്, ലിനക്സ് വേർഷനും 104.0.5112.102/101 വിൻഡോസ് വേർഷനുകളുമാണ് നിലവിൽ എത്തിച്ചിരിക്കുന്നത്.
ഗൂഗിൾ കാണിച്ചിരിക്കുന്ന 11 സുരക്ഷാ പ്രശ്നത്തിൽ ഒന്ന് ഗുരുതരമാണ്. ഇതിൽ ആറെണ്ണം ഉയർന്ന തീവ്രതയുള്ള പ്രശ്‌നമാണ്. മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്‌നമാണെന്നും ഗൂഗിൾ വേർതിരിച്ചു പറയുന്നുണ്ട്. ക്രോം നേരിടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് ഗൂഗിൾ ഇതുവരെ വിശദമാക്കിയിട്ടില്ല. ഹാക്കർമാർക്ക് ദുരുപയോഗം ചെയ്യാൻ എളുപ്പത്തിൽ കഴിയുന്ന പ്രശ്‌നങ്ങളാണ് ഉള്ളതെന്നാണ് വിവരം.

