ലക്നൗ : ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒരാളായ അതിഖ് അഹമ്മദിന്റെ 1400 കോടിയുടെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന് മുന്നിൽ ചീട്ട് കൊട്ടാരം പോലെ തകർന്നത് 50 ദിവസം കൊണ്ട്. സമാജ്വാദി പാർട്ടിയുടെ നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകളും അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ യോഗി സർക്കാർ കണ്ടുകെട്ടി.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മുൻ എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ പിടികിട്ടാപുള്ളിയായ അസദ് മരിച്ചത്.
1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ൽ പരം ഷെൽ കമ്പനികളിൽക്കൂടി അതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയുടെ കള്ളപ്പണവും കണ്ടെടുത്തിട്ടുണ്ട്. മറ്റുപലരുടെയും ഉടമസ്ഥതയിലുള്ള ഡമ്മി കമ്പനികളാണ് ഈ ഷെൽ കമ്പനികളെന്ന് ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ മാത്രം ഇഡിയുടെ 15 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നൂറിലധികം ക്രിമിനൽ കേസുകൾ അതിഖിന്റെ പേരിലുണ്ടെങ്കിലും പലതിലും ശിക്ഷിക്കപ്പെടാതെ പുറത്ത് വിലസുകയായിരുന്നു ഇയാളുടെ പതിവ്. മിക്ക കേസുകളിലും സാക്ഷികൾ കൂറുമാറുകയോ അവരെ കാണാതാകുകയോ ചെയ്തതിനാൽ യുപിയിലെ ഒരു സർക്കാരിനും അതിഖിനെ ഒരു കേസിലും ശിക്ഷിക്കാൻ കഴിഞ്ഞില്ല.

