Friday, January 9, 2026

സഹപ്രവർത്തകയുടെ മകളായ 16-കാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി!! പ്രതി അബ്ദുൾ സലാം അറസ്റ്റിൽ

ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ സംസ്ഥാനിലെ (ജലവിഭവ വകുപ്പ്) നാലാം ഗ്രേഡ് ജീവനക്കാരൻ അറസ്റ്റിൽ. അബ്ദുൾ സലാം എന്ന ആരിഫാണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇരയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സദർ കോട്‌വാലി പോലീസ് സ്റ്റേഷനിൽ ഐടി ആക്ട്, പോക്സോ നിയമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തന്റെ ദുരനുഭവങ്ങൾ പെൺകുട്ടി അമ്മയെ അറിയിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വശത്താക്കിയ പ്രതി പലതവണ പീഡനത്തിന് ഇരയാക്കിയതായും ഈ ദൃശ്യങ്ങൾ കാണിച്ച് പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തി ചൂഷണം തുടർന്നതായും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തതായി ക്രൈം ഇൻസ്പെക്ടർ ഡി.കെ. മിശ്ര അറിയിച്ചു. ജൽ സംസ്ഥാൻ കാമ്പസിനുള്ളിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പ്രതി, വാട്ടർ ടാക്സ് ബില്ലുകൾ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്.

അറസ്റ്റിന് പിന്നാലെ പ്രതിക്കെതിരെ വകുപ്പുതല നടപടികളും ആരംഭിച്ചു. ചിത്രകൂട് ധാം ഡിവിഷൻ ജനറൽ മാനേജർ പ്രതിയെ സസ്പെൻഡ് ചെയ്യുകയും തുടർനടപടികൾക്കായി ബന്ദയിലേക്ക് മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയതിനും സാമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപകരമായ വീഡിയോകൾ പ്രചരിപ്പിച്ചതിനും ഇയാൾക്കെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നു. അച്ചടക്കലംഘനവും അസഭ്യവർഷവും പതിവാക്കിയ ഇയാളെക്കുറിച്ച് എക്സിക്യൂട്ടീവ് എൻജിനീയർ രാഹുൽ സിംഗ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കുറ്റവാളിക്കെതിരെ കർശനമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles