Tuesday, April 30, 2024
spot_img

നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച് 17 വയസുകാരൻ അനിയൻ; 34,000 പിഴ ലഭിച്ചത് സഹോദരന്!

കൊച്ചി: ആലുവയില്‍ നമ്പര്‍ പ്ലേറ്റില്ലാതെ 17കാരൻ സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ സഹോദരന് പിഴ. 34,000 രൂപയടക്കാനാണ് കോടതി വിധിച്ചത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കെവി നൈനയാണ് ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴ. കോടതി പിരിയുന്നത് വരെ വെറും തടവിനും വാഹന ഉടമയെ ശിക്ഷിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ആലുവയില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് 17 വയസുകാരന്‍ സൂപ്പര്‍ ബൈക്കുമായി പിടിയിലായത്. വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്കും വാഹനത്തിന്റെ രജിസ്‍ട്രേഷന്‍ ഒരു വര്‍ഷത്തേക്കും സസ്‍പെന്റ് ചെയ്തിരുന്നു. വാഹനം ഓടിച്ച കുട്ടിക്കെതിരെ ജുവനൈല്‍ നിയമ നടപടികള്‍ തുടരും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഎസ് ജയരാജ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെപി ശ്രീജിത്, ടിജി നിഷാന്ത്, ഡ്രൈവർ എംസി ജിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.

Related Articles

Latest Articles