കട്ടപ്പന: പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരുകുട്ടിയ്ക്ക് ദാരുണാന്ത്യം. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീഴുകയായിരുന്നു. എറണാകുളം കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ എന്ന പതിനേഴുകാരിയാണ് മരിച്ചത്.
ഏഴു വിദ്യാര്‍ത്ഥിനികളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കിയിലെ ജലാശയത്തില്‍ അകപ്പെട്ടത്. ഇവരില്‍ ആറു പേരെ പ്രദേശവാസികള്‍ രക്ഷിച്ചെങ്കിലും ഇഷ മരണപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പിറന്നാൾ വീട് പെട്ടെന്ന് തന്നെ ഒരു മരണവീടായി മാറുന്ന കാഴ്ചയാണ് ഇടുക്കി കട്ടപ്പനക്കാർ കണ്ടത്.
ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണ് മരണപ്പെട്ട ഇഷ എല്ലാവർക്കും അത്രത്തോളം പ്രിയപ്പെട്ട കുട്ടിയായിരുന്നു. സുഹൃത്തായ എറണാകുളം സ്വദേശിനിയുടെ ജന്മദിനമാഘോഷിക്കാൻ എത്തിയ ഒൻപതു പേരിൽ ഒരാളായിരുന്നു ഇഷ.
കുട്ടികൾ ജന്മദിനം ആഘോഷിക്കാനാണ് കട്ടപ്പനയിൽ എത്തിയത്. ഇവിടെ നിന്ന് പ്രദേശവാസികളും സുഹൃത്തുക്കളുമായ കുട്ടികളെയും കൂട്ടിയാണ് ഇവർ ജലാശയത്തിന് അടുത്തേക്ക് പോയത്. തുടർന്ന്, ഫോട്ടോ എടുക്കുന്നതിനിടയിൽ ഇഷ വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്നും, ഇതിനു പിന്നാലെ മറ്റു കുട്ടികൾ ഇഷയെ രക്ഷപ്പെടുത്താൻ വേണ്ടി വെള്ളത്തിലേക്ക് ചാടുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നടന്ന സംഭവത്തിലെ രക്ഷദൗത്യം പൂർത്തിയാകുന്നത് മൂന്ന് മണിയോടെയാണ്.

