ഉത്തർപ്രദേശ്: കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടിയുടെ ഗ്രാമത്തിൽ വച്ച് മൃതദേഹം സംസ്‌കരിച്ചത്.
പെൺകുട്ടിക്ക് നീതിതേടി സഫ്ദർജംഗ് ആശുപത്രിയിൽ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ്, ഇന്നലെ രാത്രി വൈകി എസ്ഡിഎമ്മിനൊപ്പം ഫസ്‌റാത്തിലേക്ക് പറഞ്ഞയച്ചു. അതേസമയം, തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് കുടുംബാംഗങ്ങളോട് പറയാതെ മൃതദേഹം ഉത്തർപ്രദേശ് പൊലീസ് കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചു.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്.

