Wednesday, May 22, 2024
spot_img

വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളി; നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബെഞ്ച് ക്ലാര്‍ക്കായ നിര്‍മ്മലാനന്ദനെ ആക്രമിച്ചതിനാണ് കേസ്. കേസ് വിവരങ്ങൾ ചോദിച്ചതിന് മറുപടി നൽകാത്തതിനെ തുടർന്നുളള തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു.

ജാമ്യഹർജിയുമായി ബന്ധപ്പെട്ട തീയതി എടുക്കാൻ വേണ്ടിയാണ് ജൂനിയർ അഭിഭാഷകർ ക്ലാർക്കിനെ സമീപിച്ചത്. താൻ തിരക്കിലാണെന്നും വിവരങ്ങൾ രജിസ്റ്ററിൽ നിന്നും എടുക്കാനും ക്ലാർക്ക് പറഞ്ഞു. ഇതിൽ പ്രകോപിതരായ അഭിഭാഷകർ മറ്റ് ബാക്കി അഭിഭാഷകരേയും വിളിച്ചു വരുത്തി ക്ലാർക്കിനെ ആക്രമിക്കുകയായിരുന്നു. പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാർക്ക് നിർമ്മലാനന്ദനാണ് ആക്രമിക്കപ്പെട്ടത്. ഇടതു കൈയ്ക്ക് പരിക്കേറ്റ ക്ലാർക്ക് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. അഭിഭാഷകർക്കെതിരെ കോടതി ജീവനക്കാർ സിജെഎമ്മിന് പരാതി നൽകി.

24 മണിക്കൂറിനകം കുറ്റവാളികൾക്കെതിരെ നടപടി എടുക്കാൻ സിജെഎം വഞ്ചിയൂർ സിഐക്ക് നിർദ്ദേശം നൽകി. അതേസമയം ബഞ്ച് ക്ലാർക്ക് ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ ജില്ലാ ജഡ്‍ജിക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്രിമിനൽ കോടതികളിലെ ജീവനക്കാർ ഇന്ന് കറുത്ത് ബാഡ്ജ് ധരിച്ച് ജോലി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷക‌ർ ആക്രമിച്ച കേസിലെ സാക്ഷിയായ നിർമ്മലാനന്ദൻ കുറച്ചുദിവസം മുൻപാണ് കേസിൽ കോടതിയിൽ മൊഴി നൽകിയത്. അതിനിടയിലാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

Related Articles

Latest Articles