Sunday, November 29, 2026

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം;വിഷപ്പുക ശ്വസിച്ച് ചികിത്സ തേടിയത് 20 അഗ്നിശമന സേനാംഗങ്ങൾ

എറണാകുളം : ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിൽ തീ പിടിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.വിഷപ്പുകയും വ്യാപകമായി പരക്കുകയാണ്. മാലിന്യ കൂമ്പാരത്തിൽ തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ആണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്.ഛർദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. ഇന്ന് വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകുമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു

അതേസമയം നഗരത്തിലാകെ പുകയും പ്ലാസ്റ്റിക് കത്തുന്നതിന്റെ മണവും വമിക്കുകയാണ്. കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.എന്നാൽ തീ വീണ്ടും ആളിപടരുകയാണ്. ഇതുവരെയും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.തീ അണയ്ക്കുന്നതിനനുസരിച്ച് പുക ഉയരുന്ന സ്ഥിതിയാണ് നിലവില്‍.വിഷപ്പുകയും കാറ്റുമാണ് തീയണക്കുന്നതിൽ തടസ്സമാകുന്നത്. 25 ഫയർ യൂണിറ്റുകളിലായി 150ഓളം ഉദ്യോഗസ്ഥരാണ് തീയണക്കുന്നതിനായി ഇവിടെയുള്ളത്.

ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടൺകണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബംഗളൂരു ആസ്ഥാനമായ സോൺടാ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നതായിരുന്നു കരാറിലെ വ്യവസ്ഥ.

Related Articles

Latest Articles