Sunday, May 19, 2024
spot_img

ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ; 20 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ദില്ലി: ജെഎന്‍യുവില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കെട്ടിയ ബാരിക്കേഡുകള്‍ വിദ്യാര്‍ത്ഥികള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.

ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ശീതകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലെത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.

അതേസമയം, ജെഎന്‍യു ക്യാമ്പസിന് പുറത്ത് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജെഎന്‍യു പ്രധാന കവാടത്തിന് പുറത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് പാര്‍ലമെന്റിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. .

അതേസമയം, ജെഎന്‍യു വിഷയം പഠിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

Related Articles

Latest Articles