Tuesday, May 7, 2024
spot_img

പുതുവര്‍ഷത്തിലെ ആദ്യ അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച ആദിത്യയിലൂടെ അഞ്ചുപേർക്ക് പുതുജീവൻ

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആദിത്യയിലൂടെ അഞ്ചുപേർക്ക് പുതുജീവിതം. പുതുവർഷത്തിലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ബിന്ദുലയില്‍ മനോജ്-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യ (21) യിലൂടെയായിരുന്നു. ഡിസംബര്‍ 29ന് വെള്ളയമ്പലം- ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തിലാണ് ആദിത്യന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മകന്റെ മരണം ഉറപ്പായ നിമിഷം തന്നെ അവയവങ്ങള്‍ ദാനം ചെയ്യുകയെന്ന വിലപ്പെട്ട തീരുമാനമെടുക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ എ റംലാബീവിയാണ് അവയവദാനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചത്. ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലും നൽകി. മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം കെ. അജയകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്.

തിരുവനന്തപുരം മാർ ഗ്രിഗോറീസ് ലോ കോളേജില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ. ഡിസംബര്‍ 29 ന് ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ രാത്രി 8 30 വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടത്തിപ്പെട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ വെച്ച് ആദിത്യന്‍ ഓടിച്ചിരുന്ന ബൈക്കിലും യൂബര്‍ ഇറ്റ്‌സ് ജീവനക്കാരനുമായ അബ്ദുള്‍ റഹിമിന്റെ ബൈക്കിലും ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. അബ്ദുള്‍ റഹിം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles