കാബൂൾ: ഏഷ്യാകപ്പിൽ പാകിസ്ഥാന്റെ തോൽവി ആഘോഷമാക്കി അഫ്ഗാൻ ജനങ്ങൾ. പടക്കം പൊട്ടിച്ചും, തെരുവുകളിൽ നൃത്തം ചെയ്തുമാണ് പാകിസ്ഥാന്റെ തോൽവിയും, ശ്രീലങ്കയുടെ ജയത്തെയുമാണ് അഫ്ഗാൻ ജനത ആഘോഷിച്ചത്. അഫ്ഗാൻ ജനതയുടെ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കാബൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാ കപ്പിൽ പാകിസ്ഥാൻ- ശ്രീലങ്കയെ നേരിട്ടത്. 23 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. 20 ഓവറിൽ ശ്രീലങ്ക 170 റൺസ് എടുത്തപ്പോൾ 147 റൺസിൽ പാകിസ്ഥാൻ ഓൾ ഔട്ട് ആയിരുന്നു. മത്സരം കഴിഞ്ഞതും അഫ്ഗാൻ ജനത തെരുവുകളിൽ ആഘോഷം ആരംഭിക്കുകയായിരുന്നു.
കുട്ടികളും സ്ത്രീകളും ആഘോഷത്തിൽ പങ്കുകൊണ്ടു. പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും ജനങ്ങൾ ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം. പാട്ടുപാടി ഇതിനൊപ്പം ആളുകൾ തെരുവിൽ നൃത്തം ചവിട്ടുന്നുമുണ്ട്.
നേരത്തെ മത്സരത്തിനിടെ ഷാർജയിൽവെച്ച് അഫ്ഗാനിസ്ഥാനികളും പാകിസ്ഥാനികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ തോൽവിയിൽ ആഘോഷിക്കുന്ന അഫ്ഗാൻ ജനതയുടെ വീഡിയോകൾ പുറത്തുവരുന്നത്. നേരത്തെ ഇന്ത്യ- പാക് മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോഴും സമാനമായ രീതിയിൽ അഫ്ഗാനിലെ ജനങ്ങൾ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

