Tuesday, May 14, 2024
spot_img

ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വീണ്ടും അഭയാർത്ഥികൾ; രണ്ട് സംഘങ്ങളിലായി വന്നത് 21 പേർ

കന്യാകുമാരി: ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർത്ഥികൾ ഇന്ത്യയിലെത്തി. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയിരിക്കുന്നത്. ഇവർ മണ്ഡപം മറൈൻ പൊലീസ് സ്റ്റേഷനിലാണ് നിലവിലുള്ളത്. രണ്ട് സംഘങ്ങളായാണ് ഇവർ വന്നത്.

ഇന്ന് പുലർച്ചെ അ‌‌‌ഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പിടികൂടി. ഇതിനു പിന്നാലെ ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്. എന്നാൽ ഇവരെ കടൽ അതിർത്തിക്കടുത്തുള്ള ചെറുമണൽ തിട്ടയിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് തീരസംരക്ഷണ സേന കസ്റ്റഡിയിൽ എടുത്തു. ജാഫ്നയിൽ സ്വദേശികളായ ഇവർ തലൈമാന്നാറിൽ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഏഴ് കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ വന്നവരെന്നാണ് വിവരം.

അതേസമയം സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കർ മഹിന്ദ യാപ അബിവർധന നൽകിയിരുന്നു. മാത്രമല്ല ശ്രീലങ്കയിൽ പുതിയ സാമ്പത്തിക വർഷം അവസ്ഥ കൂടുതൽ മോശമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ ഇന്ത്യയിലെത്തിയത്.

ശ്രീലങ്കയിൽ ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവുമുണ്ട്. കൂടാതെ ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ ജനങ്ങൾ ഇപ്പോഴും രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുകയാണ്. ധാരാളം പേർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുവെന്നാണ് നേരത്തെ എത്തിയ അഭയാർത്ഥികൾ പറഞ്ഞത്.

Related Articles

Latest Articles