Tuesday, May 21, 2024
spot_img

ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും

കൊച്ചി: എംസി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ട് നൽകുന്നത്. എകെജി ആശുപത്രിയിലെത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അർപ്പിക്കും.ഇടതുപക്ഷ നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിക്കും. തുടർന്ന് വിലാപ യാത്രയായി മൃദേഹം കൊച്ചിയിലെത്തിക്കും. പിന്നീട് രാത്രിയോടെയാകും മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തുക. വീട്ടിലെ പൊതുദർശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. അവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം വിലാപയാത്രയായി കളമശേരി മെഡിക്കൽ കോളജിന് നൽകും.

അതേസമയം ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചത്. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് കഴിഞ്ഞദിവസമാണ് ഹൃദയാഘാതമുണ്ടായത്. ഇന്നലെ വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.

2017 മാർച്ച് മാസം മുതൽ 2021 ജൂൺ 25 വരെ, കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി പ്രവർത്തിച്ചു. സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗമാണ് എം.സി. ജോസഫൈൻ. പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. ജൂൺ 24ന് ചാനൽ പരിപാടിക്കിടെ പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്ന് സിപിഎം തീരുമാനപ്രകാരം രാജി വച്ചു. എന്നാൽ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരിക്കെ ചെന്ന് പെട്ട വിവാദങ്ങൾ മാത്രമായിരുന്നില്ല, എം സി ജോസഫൈൻ എന്ന മുതിർന്ന നേതാവിന്റെ രാഷ്ട്രീയ പാരമ്പര്യം. പാർട്ടി വിഭാഗീയതയുടെ പേരിൽ തെരഞ്ഞെടുപ്പ് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടും ഉറച്ചു നിന്നു. ഒരു വട്ടം ജിസിഡിഎ ചെയർപേഴ്സണായി. സിപിഎം വിഭാഗീയത കത്തി നിന്ന സമയത്തും വിഎസ്സിനൊപ്പം ഉറച്ചുനിന്ന അവർക്ക് പാർട്ടിയായിരുന്നു ഏറ്റവും വലുത്.

വൈപ്പിൻ സ്വദേശിനി. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദാനന്തരബിരുദം നേടി. ജി.സി.ഡി.എ. ചെയർപേഴ്സണും വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണും അങ്കമാലി നഗരസഭാ കൗൺസിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായിരിക്കെയാണ് അന്ത്യം. 1948 ആഗസ്‌ത്‌ മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈൻ വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി എ മത്തായിയാണ്‌ ഭർത്താവ്‌. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.

Related Articles

Latest Articles