സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം. കാലപ്പഴക്കം ചെന്ന ഔദ്യോഗിക വാഹനങ്ങൾ മാറ്റി പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹൈബ്രിഡ് മോഡലിലുള്ള ഇന്നോവ ഹൈക്രോസ് കാറുകളാണ് വാങ്ങാൻ പരിഗണിക്കുന്നത്. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് 9.64 കോടി രൂപ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിലുള്ള ഔദ്യോഗിക വാഹനങ്ങളുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണികൾക്കായി വരുന്ന ഉയർന്ന ചെലവുമാണ് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. പഴയ വാഹനങ്ങൾ തുടർന്നും ഉപയോഗിക്കുന്നത് സാമ്പത്തികമായും പ്രായോഗികമായും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാഹനങ്ങളിലേക്ക് മാറാനുള്ള നീക്കം.
അതേസമയം, പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടുപോയതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കായി കോടികൾ ചെലവിടാനുള്ള തീരുമാനവും ചർച്ചയായിട്ടുണ്ട്. 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ നിരത്തിലിറങ്ങുന്നതോടെ ഔദ്യോഗിക വാഹനവ്യൂഹത്തിൽ വലിയ മാറ്റമുണ്ടാകും.

