1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം ഭക്ഷണം പങ്കുവെച്ചുനൽകിയിരുന്നു. സോണിയാഗാന്ധി വീട്ടിൽനിന്ന് തയ്യാറാക്കി കൊടുത്തയച്ച ഭക്ഷണമായിരുന്നു അത്. മേരി മറ്റാരുമായിരുന്നില്ല, കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന്റെ കാമുകിയും കൂട്ടാളിയുമായിരുന്നു. ഇന്ദിരയുടെ ഈ കരുതൽ അറിഞ്ഞ ശോഭരാജ് ജയിലിനുള്ളിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അവർക്ക് സഹായവും സുരക്ഷയും ഉറപ്പാക്കിയിരുന്നുവെന്നാണ് ചില ചരിത്രവിവരണങ്ങൾ പറയുന്നത്.
ആരായിരുന്നു ലോകത്തെ വിറപ്പിച്ച ‘ബിക്കിനി കില്ലർ’?
1944-ൽ വിയറ്റ്നാമിലെ സൈഗോണിൽ ജനിച്ച ചാൾസ് ശോഭരാജ് 1970-കളിൽ ഏഷ്യയിലെത്തിയ പാശ്ചാത്യ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നു. സൗഹൃദം നടിച്ച് ഭക്ഷണത്തിൽ വിഷമോ മയക്കുമരുന്നോ കലർത്തി നൽകുകയും പണവും പാസ്പോർട്ടും തട്ടിയെടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. തായ്ലൻഡ്, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാരികളുടെ കൊലപാതകങ്ങളുമായി അയാളുടെ പേര് ബന്ധപ്പെട്ടു. ബിക്കിനി ധരിച്ച നിലയിൽ ചില യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് ‘ബിക്കിനി കില്ലർ’ എന്ന പേര് ലഭിച്ചത്. പോലീസിനെ പലതവണ വെട്ടിച്ച് രക്ഷപ്പെട്ടതോടെ ‘ദി സെർപന്റ്’ എന്നും അറിയപ്പെട്ടു. 1976-ൽ ദില്ലിയിലെ വിക്രം ഹോട്ടലിൽ ഫ്രഞ്ച് വിദ്യാർത്ഥികൾക്ക് വിഷം കലർത്തിയ ഗുളികകൾ നൽകിയ സംഭവത്തെത്തുടർന്നാണ് ശോഭരാജും മേരിയും പിടിയിലായത്.
ജയിൽചാട്ടം മുതൽ നേപ്പാളിലെ മോചനം വരെ!
1986-ൽ തിഹാർ ജയിലിൽ പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ഉറക്കഗുളിക കലർത്തിയ മധുരപലഹാരങ്ങൾ നൽകി ജയിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും മയക്കിയ ശേഷം ശോഭരാജ് രക്ഷപ്പെട്ടു. എന്നാൽ അധികം വൈകാതെ ഗോവയിൽവെച്ച് വീണ്ടും പിടിയിലായി. അധിക തടവുശിക്ഷ ലഭിച്ചതോടെ ഇന്ത്യയിൽ കൂടുതൽ കാലം കഴിയേണ്ടിവന്നത് തായ്ലൻഡിലെ പഴയ കേസുകളിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചു. 1997-ൽ മോചിതനായ അയാൾ 2003-ൽ നേപ്പാളിലെത്തിയപ്പോൾ പഴയ കൊലപാതകക്കേസുകളിൽ അറസ്റ്റിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഒടുവിൽ 2022 ഡിസംബറിൽ നേപ്പാൾ സുപ്രീം കോടതി മോചനത്തിന് ഉത്തരവിട്ടതോടെ ഫ്രാൻസിലേക്ക് നാടുകടത്തി. കൊലപാതകങ്ങളും വേഷംമാറലുകളും ജയിൽചാട്ടങ്ങളും നിറഞ്ഞ ഈ ജീവിതകഥയ്ക്കിടയിൽ തിഹാർ ജയിലിൽ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ആ സംഭവം ഇന്നും കൗതുകമുണർത്തുന്നു.

