Saturday, September 19, 2026

ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് 24-കാരൻ പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്ത് (24) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പതിനാറുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടതും പിന്നീട് ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയതും.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ സൗഹൃദം വളർത്തിയ ശേഷം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ആരുമില്ലാത്ത സമയം നോക്കി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി. ഭയന്നുപോയ പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തുടർന്ന് മാവൂരിലെ പനങ്ങോടുള്ള പ്രതിയുടെ വീട്ടിലെത്തി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സോഷ്യൽ മീഡിയ വഴിയുള്ള കെണികളിൽ കുട്ടികൾ വീഴാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.

Related Articles

Latest Articles