Sunday, May 5, 2024
spot_img

രാജ്യത്ത് കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും; കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ്

ദില്ലി: കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ്.

5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ ആണ് സര്‍ക്കാര്‍ പദ്ധതി. കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ്‌ ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ 2022 മുതല്‍ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വിറ്റഴിക്കല്‍ പദ്ധതി(നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍)യില്‍പ്പെടുത്തായാണ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത്.

കോവിഡ് ആദ്യമായി വ്യാപിച്ച 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 137 വിമാനത്താവളങ്ങളില്‍ നാലെണ്ണമൊഴികെയുള്ളവ ലാഭത്തിലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഭൂവനേശ്വര്‍, വാരണാസി, അമൃത്സര്‍, തിരുച്ചിറപ്പിള്ളി, ഇന്‍ഡോര്‍, റായ്പൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്‌ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ഡെറാഡൂണ്‍, രാജമുണ്ട്രി എന്നീ എയര്‍പോര്‍ട്ടുകളാണ് പദ്ധതിക്കു കീഴില്‍വരിക.

അതേസമയം പദ്ധതി നടപ്പില്‍ വന്നാലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെയായിരിക്കും ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമ്മദാബാദ്‌, ജയ്പൂര്‍, ലഖ്‌നൗ, ഗുവാഹട്ടി, തിരുവന്തപുരം, മംഗളുരു എന്നീ വിമാനത്താവളങ്ങള്‍ ഇപ്പോള്‍തന്നെ പൊതു-സ്വകാര്യ പങ്കാളത്തത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Latest Articles